ധെെര്യമുണ്ടേൽ അടിക്കെടാ... ആദ്യം എന്നെ അടിക്ക് എന്നിട്ട് മതി ഇവരെ... കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാർ നടത്തിയ പ്രതിഷേധ മാർച്ചിൽ എം പിയും പോലീസ


കണമല: എരുമേലി തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കണമല ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ ജനകീയ മാർച്ചിൽ നാട്ടുകാരും-ജനപ്രതിനിധികളും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. കാട്ടാനയുടെയും വന്യ മൃഗങ്ങളുടെയും നിരന്തരമായ ആക്രമണത്തിൽ പരിഹാരം ആവശ്യപ്പെട്ടാണ് നാട്ടുകാർ കണമല ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. സ്ഥലത്ത് വൻ പോലീസ് സന്നാഹം തമ്പടിച്ചിരുന്നു. പത്തനംതിട്ട എം പി ആന്റോ ആന്റണി ഉൾപ്പടെയുള്ള ജനപ്രതിനിധികൾ മാർച്ചിൽ നാട്ടുകാർക്കൊപ്പം ഉണ്ടായിരുന്നു. നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായതോടെ എം പിയും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ധെെര്യമുണ്ടേൽ അടിക്കെടാ... ആദ്യം എന്നെ അടിക്ക് എന്നിട്ട് മതി ഇവരെ... എന്ന് പറഞ്ഞു നാട്ടുകാർക്കൊപ്പം പ്രതിഷേധത്തിൽ ശക്തമായ നിലപാടുമായി എം പി ആന്റോ ആന്റണിയുണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 1 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയതായിരുന്നു ബിജു. കാട്ടാനയെ ഓടിക്കാൻ ശ്രമിച്ചതോടെ ആന പാഞ്ഞു എത്തി ആക്രമിക്കുകയായിരുന്നു. പമ്പ പൊലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും നാട്ടുകാര്‍ മൃതദേഹം സ്ഥലത്തുനിന്നും മാറ്റാന്‍ പൊലീസിനെ അനുവദിച്ചില്ല. തുടർന്ന് ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എത്തി നാട്ടുകാരുമായി ചർച്ച നടത്തിയതിനു ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കുടുംബത്തിന് അർഹമായ സഹായം നൽകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ വീട് ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. നഷ്ടപരിഹാരം ഉടൻ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു.