കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മണ്ഡലങ്ങളിൽ ഒന്നായ കോട്ടയത്ത് ഇപ്പോൾ തെരഞ്ഞെടുപ്പ് ചർച്ചയുടെ ചൂടിനുമപ്പുറം ചർച്ചാ വിഷയമായി കോട്ടയം ജില്ലാ കളക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ്! സംഭവം മറ്റൊന്നുമല്ല ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന് കോട്ടയത്ത് എത്തുന്ന നിങ്ങളുടെ കഥാപാത്രം ആരെന്നു ഊഹിക്കാനായിരുന്നു ജില്ലാ കളക്ടറുടെ ഫേസ്‌ബുക്ക് ചോദ്യം. ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി ഒരു പസിൽ ബോക്‌സും നൽകി. ഉത്തരങ്ങൾക്കൊപ്പം മറുപടികൾ ചറപറാന്നു കമന്റ് ബോക്സിൽ എത്തി. കോട്ടയം കുഞ്ഞച്ചൻ, പുരുഷു, മിന്നൽ മുരളി, സി ഐ ഡി മൂസ, ഷാജി പാപ്പൻ എന്നിങ്ങനെ കോട്ടയംകാരുടെ ഇഷ്ട കഥാപാത്രങ്ങളുടെ ലിസ്റ്റ് നീളുകയാണ്. ഏറ്റവും കൂടുതൽ പേർ കമന്റ് ചെയ്തിരിക്കുന്ന കഥാപാത്രം കോട്ടയം കുഞ്ഞച്ചനാണ്. എന്തായാലും സസ്പെൻസ് പൊളിയാൻ തിങ്കളാഴ്ച വരെ കാത്തിരിക്കണം. ജില്ലാ കളക്ടറുടെ ചോദ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്, ഒപ്പം ഉത്തരങ്ങളും. സ്വന്തം പോസ്റ്റിനു ട്രോളും ജില്ലാ കളക്ടർ തന്നെ പേജിൽ പങ്കുവെച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികളും ഒപ്പം ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം, റീലിസ് മേക്കിങ് മത്സരം തുടങ്ങിയ വിവിധ പരിപാടികളാണ് നടത്തുന്നത്.