കോട്ടയം: ഇറാൻ സേന പിടിച്ചെടുത്ത കപ്പലിൽ കോട്ടയം കൊടുങ്ങൂർ സ്വദേശിനിയായ യുവതിയും. ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ എംഎസ്‌സി ഏരീസ് ചരക്ക് കപ്പലിലുള്ള ആൻ ടെസ്സ ജോസഫിന്റെ(21) കുടുംബം കഴിഞ്ഞ ദിവസമാണ് കോട്ടയം കൊടുങ്ങൂർക്ക് താമസം മാറി എത്തിയത്. പുതിയ വീട്ടിലേക്ക് വരാനിരിക്കുന്നതിനിടയാണ് ആൻ ജോലി ചെയ്യുന്ന കപ്പൽ ഇറാൻ സേന പിടിച്ചെടുത്തത്. കപ്പലിലുള്ളവർ എല്ലാവരും സുരക്ഷിതരാണെന്നും യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും ആൻ ടെസ്സ ജോസഫ് കുടുംബാംഗങ്ങളെ അറിയിച്ചു. കഴിഞ്ഞ ദിവസം മുതൽ കപ്പലിലുള്ളവരുമായി ബന്ധുക്കൾക്ക് ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇന്ന് ഇറാൻ സേന പിടിച്ചു വെച്ചിരുന്ന ഫോണുകൾ കുറച്ചു സമയത്തേക്ക് മാത്രമായി ഉപയോഗിക്കാൻ നൽകുകയായിരുന്നു. ആൻ ടെസ ജോസഫിനൊപ്പം 3 മലയാളികൾ കൂടി കപ്പലിൽ ജോലി ചെയ്യുന്നുണ്ട്. കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാം നാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണു കപ്പലിലുള്ള മറ്റ് മലയാളികൾ. കഴിഞ്ഞ ഒൻപത് മാസമായി പരിശീലനത്തിന്റെ ഭാഗമായി ഇസ്രായേൽ പൗരനായ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ-സ്വിസ് കമ്പനി എം എസ് സി ക്ക് കീഴിൽ പ്രവർത്തിക്കുന്ന ചരക്ക് കപ്പലിലാണ് ജോലി ചെയ്തിരുന്നത്. ഒമാൻ ഉൾക്കടലിനു സമീപമാണ് ഹെലികോപ്റ്ററിൽ എത്തിയ ഇറാൻ സേന എം എസ് സി ഏരീസ് ചരക്കു കപ്പൽ പിടിച്ചെടുത്തത്. മൂത്ത മകളുടെ ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് തൃശൂരിൽ നിന്നും പിതാവ് ബിജു ഏബ്രഹാമും കുടുംബവും കോട്ടയം കൊടുങ്ങൂരിലേക്ക് താമസം മാറിയത്. പിതാവ് ബിജുവും കപ്പൽ ജീവനക്കാരനാണ്. അവധിക്കായി നാട്ടിൽ എത്തിയതാണ് ബിജു. അതേസമയം മുഖ്യമന്ത്രി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ മൂന്ന് മലയാളികൾ എന്നാണ് പറഞ്ഞിരുന്നത്. മകളുടെ കാര്യം വിട്ട് കളഞ്ഞത് മനോവിഷമം ഉണ്ടാക്കിയെന്നും എത്രയും വേഗം എല്ലാവരെയും മോചിപ്പിക്കുവാൻ സർക്കാർ ഇടപെടണമെന്നും ബിജു എബ്രഹാം പറഞ്ഞു.