ഈരാറ്റുപേട്ട പിണ്ണാക്കനാട് മൈലാടി മഠത്തിലെ കന്യാസ്ത്രീയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പ്രതിയെ വെറുതെ വിട്ടു.


കോട്ടയം: ഈരാറ്റുപേട്ട പിണ്ണാക്കനാട് മൈലാടി മഠത്തിലെ കന്യാസ്ത്രീയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പ്രതിയെ വെറുതെ വിട്ടു. പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയ(75) ആണ് തലയ്ക്കടിയേറ്റ് മരണപ്പെട്ടത്. സിസ്റ്റർ ജോസ് മരിയയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത് മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെയാണ്. സംഭവത്തിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സതീഷ് ബാബുവിനെ കോട്ടയം അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് കോടതി വെറുതെ വിട്ടു. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഇയാൾ. 2015 ഏപ്രിൽ 17 നാണ് സിസ്റ്റർ ജോസ് മരിയയെ മഠത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യം സാധാരണ മരണം എന്ന നിലയിലായിരുന്നു കരുതിയിരുന്നത്. മോഷണശ്രമത്തിനിടെ പ്രതി സിസ്റ്ററിനെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. മോഷണത്തിനായി മഠത്തിൽ കയറിയ പ്രതി ശബ്ദം കേട്ടുണർന്ന സിസ്റ്ററെ കമ്പിവടിക്ക്‌ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്‌.