ജോലിയും ശമ്പളവും ലഭിച്ചില്ല, ട്രാവൽ ഏജന്റിന്റെ ചതിയിൽപ്പെട്ടു ഒമാനിൽ ദുരിത ജീവിതം നയിച്ച കോട്ടയം സ്വദേശിനി നാട്ടിൽ തിരികെയെത്തി.


കോട്ടയം: മികച്ച ജോലിയും ശമ്പളവും വാഗ്‌ദാനം ചെയ്തു ഒമാനിൽ ട്രാവൽ ഏജന്റിന്റെ ചതിയിൽപ്പെട്ടു ദുരിത ജീവിതം നയിച്ച കോട്ടയം സ്വദേശിനി നാട്ടിൽ തിരികെയെത്തി. കോട്ടയം പനച്ചിക്കാട് സ്വദേശിനിയായ യമുനയാണ് ഒമാനിൽ നിന്നും തിരികെ നാട്ടിൽ കുടുംബത്തിനരികെയെത്തിയത്. യമുന ജോലി ആവശ്യപ്പെട്ടു ട്രാവൽ ഏജന്റിനെ സമീപിച്ചപ്പോൾ മികച്ച ജോലിയും ശമ്പളവുമാണ് വാഗ്ദാനം ചെയ്തത്. എന്നാൽ ഒമാനിൽ എത്തിയതോടെ ജോലിയും ശമ്പളവും ലഭിക്കാതെയെകുകയായിരുന്നു. ട്രാവൽ ഏജന്റിന്റെ ചതിയിൽ അകപ്പെട്ട യമുന ഒമാനിൽ ദുരിത ജീവിതം നയിക്കുകയായിരുന്നു. യമുനയുടെ ദുരവസ്ഥയറിഞ്ഞ വീട്ടുകാർ കെപിസിസി സെക്രട്ടറി അഡ്വ. ടോമി കല്ലാനിയെ സമീപിക്കുകയും ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തുടർന്ന് ഇൻകാസ് ഒമാൻ ഭാരവാഹകർ യമുനയെ സഹായിക്കാൻ എത്തുകയുമായിരുന്നു. യമുനയുടെ നാട്ടിലേക്കുള്ള യാത്രാ ചെലവുകളും സാമ്പത്തിക സഹായങ്ങളും ഇൻകാസ് പ്രവർത്തകരാണ് നിർവ്വഹിച്ചത്. ഇൻകാസ് ഒമാൻ വൈസ് പ്രസിഡന്‍റ്‌ നിയാസ് ചെണ്ടയാടിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഫലം കണ്ടത്. ഇൻകാസ് ഒമാൻ പ്രസിഡന്റ്‌ അഡ്വ. എം കെ പ്രസാദ്, വൈസ് പ്രസിഡന്റ്മാരയ സലീം മുതുവമ്മേൽ, മാത്യു മെഴുവേലി, ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട്, ട്രഷറർ സജി ചങ്ങനാശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ള, നേതാക്കളായ എൻ ഒ ഉമ്മൻ, സജി ഔസേഫ് പിച്ചകശ്ശേരിൽ സാമൂഹ്യ പ്രവർത്തകൻ ഡോ. സജി ഉതുപ്പാൻ, റാഫി മാത്യു നാലുന്നടിയിൽ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.