കോട്ടയം: കോട്ടയം സ്വദേശികളായ ദമ്പതികളെയും ഇരുവരുടെയും സുഹൃത്തായ 7 ദിവസം മുൻപ് കാണാതായ അധ്യാപികയെയും അരുണാചലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മീനടം സ്വദേശികളായ നവീൻ തോമസ് (39), ഭാര്യ ദേവി മാധവൻ (39) എന്നിവരെയും ഇരുവരുടെയും സുഹൃത്തും അധ്യാപികയുമായ ആര്യ (29) എന്നിവരാണ് അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിനിയായ ആര്യയെ 7 ദിവസം മുൻപ് കാൺമാനില്ലെന്നു കാണിച്ചു കഴിഞ്ഞ മാസം 27 ണ് ആര്യയുടെ പിതാവ് തിരുവനന്തപുരം വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൂവരുടയും കൂട്ടമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ആര്യയെ കാണാതായതുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം സ്വദേശികളായ ദമ്പതികളെയും കാണാതായതായി വിവരം ലഭിക്കുന്നത്. ശരീരത്തിൽ വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് എല്ലാവരുടെയും മരണം. ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു. നവീൻ, ദേവി എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല. വിനോദയാത്രയ്ക്ക് എന്ന പേരിലാണ് ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയത്. അതിനാൽ ഇവരെക്കുറിച്ച് ബന്ധുക്കൾക്ക് സംശയങ്ങൾ ഉണ്ടായിരുന്നില്ല. ആര്യയും ദേവിയും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നാണ് സൂചന. ഇരുവരും തിരുവനന്തപുരത്ത് ഒരേ സ്‌കൂളിൽ അധ്യാപികമാരായിരുന്നു. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’ എന്ന് എഴുതിയ കുറിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് ആര്യയെ കാണാതായത്. മൂവരും ഒരേ വിമാനത്തിൽ അസം തലസ്ഥാനമായ ഗുവാഹത്തിയിലേക്കു പോയതായി പൊലീസിനു വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരേക്കുറിച്ചുള്ള വിവരങ്ങൾ കേരള പൊലീസ് അസം പൊലീസിനു കൈമാറിയിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൂവരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ അസമിലേക്കു പോയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.