കടുത്തുരുത്തി: വേനൽ അവധി ആരംഭിച്ചതോടെ കുട്ടികൾ പഠനമെല്ലാം മാറ്റി വെച്ച് കളികളും വിശ്രമങ്ങളുമായി കൂടിയിരിക്കുകയാണ്. എന്നാൽ ഇക്കൂട്ടത്തിൽ വ്യത്യസ്തയാകുകയാണ് കടുത്തുരുത്തി സെൻ്റ് കുര്യക്കോസ് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ലയ മരിയ ബിജു. മറ്റുകുട്ടികൾ കളിചിരികളുമായി സമയം തള്ളി നീക്കുമ്പോൾ മാസങ്ങളായി പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ അടിഞ്ഞു കൂടിയ പൊതു തോട് വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. വലിയ തോട്ടിലെ പൂവക്കോട് കടവിൽ 200 മീറ്റർ തോടാണ് മാലിന്യങ്ങൾ നീക്കം ചെയ്തു ലയ വൃത്തിയാക്കിയത്. മാസങ്ങളായി മാലിന്യങ്ങൾ നിറഞ്ഞു കിടന്ന തോട് വൃത്തിയാക്കാനായി ലയ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മഴക്കാലത്ത് വലിയ തോട്ടിൽ പൂവക്കോട് കടവിന് സമീപം മരങ്ങൾ വീണിരുന്നു. ഈ മരങ്ങൾ വെട്ടി നീക്കാത്തതിനാൽ ഈ ഭാഗത്ത് മാലിന്യങ്ങൾ അടിഞ്ഞുകൂടി ചീഞ്ഞഴുകുന്ന സ്ഥിതിയായിരുന്നു. തോട് മലിനമായതോടെ പൂവക്കോട് കടവ് ആരും ഉപയോഗിക്കാത്ത സ്ഥിതിയായിരുന്നു. വേനൽ ശക്തമാകുകയും തോട്ടിലെ ജലം മലിനപ്പെടുകയും ചെയ്തതോടെ മാലിന്യങ്ങൾ നീക്കി തോട് വൃത്തിയാക്കുന്നതിനുള്ള ആഗ്രഹം ലയമരിയ സ്കൂൾ അധികൃതരെയും മാതാപിതാക്കളെയും അറിയിക്കുകയായിരുന്നു. ഇവരുടെ പിന്തുണ ലഭിച്ചതോടെ മരിയ തോട്ടിലിറങ്ങി കഴുത്തൊപ്പം വെള്ളത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കുകയായിരുന്നു. പ്ളാസ്റ്റിക് മാലിന്യങ്ങൾ ചാക്കിൽ ശേഖരിക്കുകയും ജൈവ മാലിന്യങ്ങൾ കുഴിച്ചുമൂടുകയും ചെയ്തു. പൂവക്കോട് കടവ് മുതൽ 200 മീറ്ററോളം തോട്ടിലെ മാലിന്യങ്ങൾ നീക്കി. തോട്ടിൽ വീണ് കിടക്കുന്ന മരങ്ങൾ വെട്ടിമാറ്റിയാലേ നീരൊഴുക്ക് ശക്തമാകുകയുള്ളു. പഞ്ചായത്ത് ജനപ്രതിനിധികൾ ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ലയയുടെ അപേക്ഷ. ഈ പ്രവർത്തനത്തിലൂടെ നാടിനും സ്കൂളിനും അഭിമാനവും മാതൃകയുമായി മാറിയിരിക്കുകയാണ് ലയ. കടുത്തുരുത്തിയിലെ മലയാള മനോരമ ലേഖകൻ ബിജു പുളിക്കൻ്റെയും നിധിയുടെയും മകളാണ് ലയ. കൊച്ചുമിടുക്കിക്ക് കേരള സർക്കാരിൻ്റെ അഭിനന്ദനം അറിയിച്ചുകൊണ്ട് സർക്കാരിന് വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ലയയെ നേരിട്ട് ഫോണിൽ വിളിച്ചു അഭിനന്ദനം അറിയിക്കുകയും കടുത്തുരുത്തി സെൻ്റ് കുര്യക്കോസ് പബ്ലിക് സ്കൂൾ അധികൃതരേയും പ്രത്യേകം അഭിനന്ദനം അറിയിക്കുകയും ചെയ്തു. വലിയ തോടിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ വിറ്റുകിട്ടിയ 250 രൂപ നിർദ്ധന രോഗികൾക്ക് മരുന്ന് വാങ്ങുന്നതിനായി പെരുവയിൽ പ്രവർത്തിക്കുന്ന മരുന്നു വണ്ടിക്ക് ലയ നൽകി. ഏക സഹോദരൻ ലീൺ ഇതേ സ്കൂളിലെ 5-ാം ക്ലാസ് വിദ്യാർത്ഥിയാണ്.