ലോക്സഭാ തെരഞ്ഞെടുപ്പ്: മോക് പോൾ വെള്ളിയാഴ്ച രാവിലെ അഞ്ചിന്, എല്ലാം സജ്ജം.


കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വെളളിയാഴ്ച നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്്. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പിനുള്ള തയാറെടുപ്പുകൾ പൂർണമാണെന്നും സുഗമവും സുതാര്യവുമായ വോട്ടെടുപ്പ് ഉറപ്പാക്കുമെന്നും വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളിൽ പൂർത്തിയായി. 1198 ബൂത്തുകളാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ജില്ലയിൽ മാവേലിക്കര, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളിലേതുൾപ്പെടെ 1564 പോളിങ് ബൂത്തുകളുണ്ട്. ഇതിൽ 1173 ബൂത്തുകളിലും വെബ്കാസ്റ്റിങ് സജ്ജമാക്കിയിട്ടുണ്ട്. രാവിലെ അഞ്ചുമണി മുതൽ കളക്‌ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ പോളിങ് നടപടികൾ തൽസമയം നിരീക്ഷിക്കും. പാലാ സെന്റ് വിൻസെന്റ് പബ്ലിക് സ്‌കൂൾ, കുറവിലങ്ങാട് ദേവമാതാ കോളജ്, വൈക്കം എസ്.എം.എസ്.എൻ. എച്ച്.എസ്.എസ്., അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്., കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ്. കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസ്. എന്നിവയായിരുന്നു കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ സ്വീകരണവിതരണകേന്ദ്രങ്ങൾ. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിക്കു രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക് പോളിങ് നടക്കും. രാഷ്ട്രീയപാർട്ടി പ്രതിധികളായി രണ്ടുപേരെങ്കിലും ഉണ്ടെങ്കിൽ യഥാർഥ പോളിങ് സമയത്തിന് 90 മിനിട്ട് മുമ്പ് മോക് പോൾ നടത്തണമെന്നാണ് ചട്ടം.  കുറഞ്ഞത് അൻപതു വോട്ടുകളെങ്കിലും ചെയ്തുകൊണ്ടായിരിക്കും മോക് പോൾ നടത്തുക. നോട്ടയുൾപ്പെടെ എല്ലാ സ്ഥാനാർഥികൾക്കും മോക് പോളിൽ വോട്ടു ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. തുടർന്ന് ഓരോ സ്ഥാനാർഥിക്കും കിട്ടിയ വോട്ട് രേഖപ്പെടുത്തും. മോക് പോളിനുശേഷം വോട്ടിങ് യന്ത്രങ്ങൾ ക്ലിയർ ചെയ്തശേഷമായിരിക്കും യഥാർഥ പോളിങ്ങിലേക്കു കടക്കുക. വൈകിട്ട് ആറുമണിവരെയാണ് പോളിങ് സമയം നിശ്ചയിച്ചിട്ടുള്ളത്. ആറുമണിക്കു പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനുള്ള വരിയിൽനിൽക്കുന്നവർക്കു ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരം നൽകും. 14 സ്ഥാനാർഥികളാണ് കോട്ടയം ലോക്സഭ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ 12,54,823 വോട്ടർമാരുണ്ട്; 6,47,306 സ്ത്രീകളും 6,07,502 പുരുഷൻമാരും 15 ട്രാൻസ്‌ജെൻഡറും. വോട്ടർമാരിൽ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാർ 48.41 ശതമാനവും. മണ്ഡലത്തിൽ 1198 പോളിങ്  സ്റ്റേഷനുകളാണുള്ളത്. പോളിങ്ങിനുശേഷം സ്വീകരണ-വിതരണകേന്ദ്രങ്ങളിൽ എത്തിച്ചശേഷം വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രമായ കോട്ടയം നാട്ടകം ഗവ. കോളജിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.