ലോക്സഭാ തെരഞ്ഞെടുപ്പ്: കോട്ടയത്ത് മത്‌സര ചിത്രം തെളിഞ്ഞു! മത്സര രംഗത്ത് 14 പേർ, ആരും നാമനിർദേശ പത്രിക പിൻവലിച്ചില്ല.


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ മത്സര ചിത്രം തെളിഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ആരും തന്നെ പത്രിക പിൻവലിച്ചിട്ടില്ല. ഇതോടെ കോട്ടയത്ത് മത്സരിക്കുന്നത് 14 സ്ഥാനാർത്ഥികൾ. 17 പേരാണ് കോട്ടയത്ത് പത്രിക സമർപ്പിച്ചിരുന്നത്. സൂക്ഷ്മപരിശോധനയിൽ മൂന്നു പേരുടെ പത്രിക തള്ളിയിരുന്നു. യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേരളാ കോൺഗ്രസ്സ് സാരഥി ഫ്രാൻസീസ് ജോർജ്ജിന് ചിഹ്നമായി ഓട്ടോറിക്ഷാ അനുവദിച്ചു. എൽ ഡി എഫ് സ്ഥാനാർഥി കേരളാ കോൺഗ്രസ്സ് എം സാരഥി തോമസ് ചാഴികാടൻ രണ്ടില ചിഹ്നത്തിലും എൻ ഡി എ സ്ഥാനാർഥി ബി ഡി ജെ എസ് സാരഥി തുഷാർ വെള്ളാപ്പള്ളി കുടം ചിഹ്നത്തിലും മത്സരിക്കും. തോമസ് ചാഴികാടൻ (കേരളാ കോൺഗ്രസ് എം), കെ. ഫ്രാൻസിസ് ജോർജ്ജ് (കേരളാ കോൺഗ്രസ്), തുഷാർ (ഭാരത് ധർമ ജന സേന), വിജുമോൻ ചെറിയാൻ (ബഹുജൻ സമാജ് പാർട്ടി), തമ്പി (എസ്.യു.സി.ഐ.സി), പി.ഒ. പീറ്റർ (സമാജ്വാദി ജന പരിഷത്ത്), സ്വതന്ത്രസ്ഥാനാർഥികളായ ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസ്, സന്തോഷ് ജോസഫ്, റോബി എം. വർഗീസ്, സ്‌കറിയ എം.എം., ചന്ദ്രബോസ് പി, സുനിൽ കുമാർ, ജോസിൻ കെ. ജോസഫ്, മന്മഥൻ എന്നിവരാണ് മത്സര രംഗത്തുള്ളത്.