ലോക്സഭാ തെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ തപാൽ വോട്ടിങ് തുടരുന്നു.


കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ഡ്യൂട്ടിക്കു നിയോഗിച്ച ഉദ്യോഗസ്ഥർക്കുളള തപാൽ വോട്ടു രേഖപ്പെടുത്തൽ പരിശീലന കേന്ദ്രങ്ങളിലെ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ തുടരുന്നു. ജില്ലയിലെ എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലും പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനകേന്ദ്രങ്ങളുണ്ട്. ഏപ്രിൽ 25 വരെ ഈ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ തപാൽ വോട്ട് സൗകര്യം തുടരും. പോളിങ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം വെളളി, ശനി(ഏപ്രിൽ 19,20) ദിവസങ്ങളിൽ കൂടിയുണ്ട്. ഈ തീയതികളിൽ വോട്ട് ചെയ്യാനാവാത്തവർക്കു ഏപ്രിൽ 25 വരെ ഇതേ കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാം. മറ്റു ലോക്സഭാമണ്ഡലങ്ങളിൽ വോട്ടുള്ള കോട്ടയം ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ വോട്ട്. ഇതിനായുള്ള ഫോം 12 വെളളിയാഴ്ച (ഏപ്രിൽ 19) വരെ നൽകാം. ഇതിനായി പരിശീലനകേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്‌കുണ്ട്. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ വോട്ടുള്ള ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പുദിവസം വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റും(ഇഡിസി) ഫെസിലിറ്റേഷൻ സെന്ററിൽ നിന്നു ലഭിക്കും. ഇ.ഡി.സി ലഭിക്കുന്നതിനുള്ള 12എ അപേക്ഷ ഏപ്രിൽ 22 വരെ സ്വീകരിക്കും. പോളിങ് ഡ്യൂട്ടിയില്ലാത്ത പൊലീസുദ്യോസ്ഥരടക്കമുള്ള മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ഡ്രൈവർ, വീഡിയോഗ്രാഫർ തുടങ്ങിയ അനുദ്യോഗസ്ഥർക്കും ഏപ്രിൽ 23,24,25 തീയതികളിൽ കോട്ടയം ബസേലിയേസ് കോളജിൽ സജ്ജമാക്കുന്ന കേന്ദ്രീകൃത തപാൽ ബാലറ്റ് കേന്ദ്രത്തിലായിരിക്കും വോട്ട്.