കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രകൃതി സൗഹൃദമായ മാതൃകാ പോളിങ് ബൂത്തൊരുക്കി സ്വീപ്. തെരഞ്ഞെടുപ്പു ബോധവൽക്കരണവിഭാഗമായ സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷന്റെ (സ്വീപ്) നേതൃത്വത്തിലാണ് കളക്‌ട്രേറ്റ് മുഖ്യ പ്രവേശന കവാടത്തിനരികെ പാർക്കിങ് എരിയയ്ക്കുള്ളിൽ മാതൃകാ ഹരിത ബൂത്ത് നിർമിച്ചിട്ടുള്ളത്. ഹരിത ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർവഹിച്ചു. തെങ്ങോല, പനയോല, കവുങ്ങിൻ തടി, മുള, പുല്ല്, മടൽ എന്നിവ ഉപയോഗിച്ചാണ് ഹരിത ബൂത്ത് ഒരുക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്കടക്കമുള്ള വസ്തുക്കൾ ഇല്ലാതെ പ്രകൃതിദത്തമായ വസ്തുക്കളാണു ബൂത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പ്രിസൈഡിങ് ഓഫീസർ അടക്കമുള്ളവരുടെ പേരെഴുതിയ ബോർഡുകൾ പനമടലിലാണ് ഒരുക്കിയിരിക്കുന്നത്. പ്രവേശനകവാടത്തിനരികെ മൺകൂജയിൽ കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. ഹെൽപ് ഡെസ്‌ക് അടക്കം ഒരു പോളിങ് ബൂത്തിൽ ഉണ്ടാകേണ്ട എല്ലാ സംവിധാനങ്ങളും മാതൃകാ ബൂത്തിൽ സജ്ജമാണ്. കളിണ്ണിൽ തീർത്ത വോട്ടുമഷി പതിപ്പിച്ച ചൂണ്ടുവിരൽ ശിൽപവും ബൂത്തിലെ ആകർഷണീയതയാണ്. ഞാൻ മിടുക്കനായ വോട്ടറാണ്, തീർച്ചയായും ഞാൻ വോട്ട് ചെയ്യും( ഐ ആം എ സ്മാർട്ട് വോട്ടർ, ഐ വോട്ട് ഫോർ ഷുവർ) ക്യാമ്പയിന്റെ ഭാഗമായി ഒപ്പുകൾ പതിപ്പിക്കാനും കോട്ടയം ചലഞ്ച് ആപ്പിൽ സെൽഫികൾ അപ് ലോഡ് ചെയ്യാനുള്ള സെൽഫിപോയിന്റും ഹരിതബൂത്തിന്റെ മുന്നിൽ ഒരുക്കിയിട്ടുണ്ട്. കൃഷിവകുപ്പിന്റെ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ടി.കെ. സുഭാഷാണ് ബൂത്ത് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയായ എന്റെ കേരളം മേളയിൽ കൃഷി വകുപ്പിന്റെ സ്റ്റാളുകൾ സുഭാഷ് ഒരുക്കിയിട്ടുണ്ട്.