പാലാ: അവസാന സമ്മതിദാന അവകാശവും രേഖപ്പെടുത്തി എ.കെ.രാമൻ നായർ (99) മടങ്ങി. പാലാ കൊച്ചുകൊട്ടാരം മനക്കുന്ന് എറയണ്ണൂർ എ.കെ.രാമൻ നായർ ആണ് വീട്ടിൽ വോട്ട് ചെയ്തതിനു പിന്നാലെ മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്‌ക്ക് 12.30നാണ് വീട്ടിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി എത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എ.കെ. രാമൻനായർ വോട്ട് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 15 മിനിറ്റ് കഴിഞ്ഞ് ഉദ്യോഗസ്ഥർ ഇറങ്ങിയ ഉടൻ പരിചരിക്കാനായി എത്തിയ കൊഴുവനാൽ പഞ്ചായത്ത് പാലിയേറ്റീവ് പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു രാമൻ നായരുടെ മരണം. ഭാര്യ തോടനാൽ എള്ളംപ്ലാക്കൽ പരേതയായ സരോജിനിയമ്മ. മകൾ: പരേതയായ തങ്കമണി. മരുമകൻ: പരേതനായ പുരുഷോത്തമൻ നായർ നാരകപ്പുഴയ്ക്കൽ. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കൊച്ചുമകൻ ദയൻ എറയണ്ണൂരിന്റെ വസതിയിൽ നടക്കും.