ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ രാത്രി നഗരമധ്യത്തിൽ മാതാപിതാക്കൾക്കൊപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിക്കു നേരെ യുവാവിന്റെ അതിക്രമം. ഞായറാഴ്ച രാത്രി 9.15നു ചങ്ങനാശേരി നഗരമധ്യത്തിൽ മുനിസിപ്പൽ ആർക്കേഡിനു മുന്നിലാണു സംഭവം ഉണ്ടായത്. മാതാപിതാക്കൾക്കൊപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ യുവാവ് ആക്രമിക്കുകയായിരുന്നു. ഇതുകണ്ടതോടെ ഓടിയെത്തിയ വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും യുവാവിനെ പിടിച്ചു വെയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. ഇതിനിടെ ഇതുവഴി നടന്നു എത്തിയ മറ്റു രണ്ടു യുവാക്കൾ വ്യാപാരികൾക്കും ഓട്ടോ ഡ്രൈവർമാർക്കും നേരെ മുളക് സ്പ്രേ ആക്രമണം നടത്തുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയെ ആക്രമിച്ച യുവാവ് കടന്നു കളയുകയായിരുന്നു. എന്നാൽ മുളക് സ്പ്രേ ആക്രമണം നടത്തിയ യുവാക്കളെ കീഴ്പെടുത്തി പൊലീസിന് കൈമാറി. സംഭവസ്ഥലത്ത് എത്തിയ ചങ്ങനാശ്ശേരി എം എൽ എ ജോബ് മൈക്കിളും പോലീസിനെ വിളിച്ചു വിവരമറിയിച്ചെങ്കിലും പോലീസ് എത്തിയത് ഏറെനേരം കഴിഞ്ഞാണ്. നിലവിൽ യുവാക്കളുടെ പേരുവിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.