ചങ്ങനാശ്ശേരി: ഉന്നത വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ്. പെൺപടയുടെ മാത്രം കുത്തകയായിരുന്ന കോളജിൽ ഈ വർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം ആരംഭിച്ചു. 74 വർഷമായി മികവിൻറെ പടവുകൾ ചവിട്ടിക്കയറി മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള സമൂഹത്തെ വാർത്തെടുക്കാൻ പ്രതിജ്ഞാബദ്ധമായി നിലകൊണ്ട അസംപ്ഷൻ ഓട്ടോണമസ് കോളേജിൽ ഈ വർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം ആരംഭിച്ചു. നാലു വർഷ യുജി പ്രോഗ്രാമിന്റെ ഭാഗമായിവരുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ടാണ് കോ എഡ്യുക്കേഷനിലേയ്ക്ക് ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ് കാൽ വയ്പ്പ് നടത്തുന്നത്. പഠനത്തോടൊപ്പം തൊഴിലും തൊഴിൽ നൈപുണിയും എന്ന ലക്ഷ്യം വച്ചുകൊണ്ട് ഈ അധ്യയന വർഷം മുതൽ കോളജ് സമയം രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. 19 യുജി കോഴ്സുകളും 9 പി.ജി കോഴ്സുകളും 26 തൊഴിലധിഷ്ഠിത ഡിപ്ലോമാ കോഴ്സുകളുമാണ് അസംപ്ഷൻ കോളജിലുള്ളത്. തൊഴിലധിഷ്ഠിത കോഴ്സുകളുടെ സമയം ഉച്ചതിരിഞ്ഞ് 2 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആ കോഴ്സുകളിൽ പ്രായഭേദമെന്യേ പൊതുസമൂഹത്തിലുള്ളവർക്കും പഠനത്തിനെത്താവുന്നതാണ്. നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷന്റെയും കേരള ഗവൺമെന്റ് കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെന്ററിന്റെയും അംഗീകാരമുള്ള ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നതിന് പ്രായപരിധിയില്ലാതെ അഭിരുചിക്കനുസരിച്ച് ഏവർക്കും ചേരുകയും ചെയ്യാം. അക്കാദമിക കലാ കായിക രംഗങ്ങളിൽ അനേകം മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ കോളേജ് ആണ് ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ്. എഡ്യൂക്കേഷൻ വേൾഡ് ഓഫ് ഇന്ത്യ നടത്തിയ റാങ്കിങ്ങിൽ അഖിലേന്ത്യാ തലത്തിൽ 47 സ്ഥാനം നേടിയ കലാലയമാണ് ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ്. പേഷ്യന്റ് കെയർ മാനേജ്മെന്റ്, മെഡിക്കൽ കോഡിങ് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകൾ കോളേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. മത്സരപ്പരീക്ഷാ പരിശീലനത്തിൽ പങ്കെടുക്കാനും വിദേശ ഭാഷാപഠനത്തിനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും. കോളേജിന് പുറത്തുള്ള വിദ്യാർഥികൾക്കും റജിസ്റ്റർ ചെയ്ത് തൊഴിലധിഷ്ഠിത കോഴ്സ് പഠിക്കുന്നതിനുള്ള സൗകര്യമൊരുക്കും. 2017-ലെ NIRF റാങ്കിങ്ങിലെ ഇന്ത്യയിലെ മികച്ച 100 കോളേജുകളിലൊന്നായ അസംപ്ഷൻ ഇപ്പോൾ ദേശീയ തലത്തിൽ 29-ാം സ്ഥാനത്തും 2021-22-ലെ വിദ്യാഭ്യാസ വേൾഡ് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ റാങ്കിങ്ങിലെ സ്വകാര്യ സ്വയംഭരണ കോളേജുകളിൽ സംസ്ഥാനത്ത് 11-ാം സ്ഥാനത്തുമാണ്. 1950-ൽ ആരംഭിച്ച കോളേജിൽ 19 ബിരുദ, 9 ബിരുദാനന്തര, 2 പിഎച്ച്ഡി പ്രോഗ്രാമുകളിലായി 2500-ലധികം വിദ്യാർഥികളുണ്ട്. ഇവയ്‌ക്ക് പുറമേ, കരിയർ ഓറിയൻ്റഡ് ആഡ് ഓൺ കോഴ്‌സുകൾ, ACSAD സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, എൻറിച്ച്‌മെൻ്റ് മൊഡ്യൂളുകൾ, സോഷ്യൽ ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ എന്നിവയുണ്ട്.