കോട്ടയം: കോട്ടയത്ത് മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച 90 കോഴികൾ ചത്തതിനെ തുടർന്നു ആണ് പരിശോധന നടത്തിയത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകർമസംഘം ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കും. മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡുകളിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലെയും കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചു. ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന മണർകാട് പഞ്ചായത്തിലെ മറ്റുവാർഡുകളിലും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, അയർക്കുന്നം, കിടങ്ങൂർ, അകലക്കുന്നം, പള്ളിക്കത്തോട്, പാമ്പാടി, മീനടം, കറുകച്ചാൽ, വാകത്താനം, പനച്ചിക്കാട്, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിലും വ്യാഴാഴ്ച (മേയ് 23) മുതൽ മേയ് 29 വരെ ഏഴുദിവസത്തേക്ക് കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും നിരോധിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കളക്‌ട്രേറ്റിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്വയംഭരണം, റവന്യൂ, പൊലീസ്, വനം, ആരോഗ്യം, അഗ്‌നിരക്ഷാ സേന, മോട്ടോർവാഹന വകുപ്പ് എന്നീ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി.
ഫയൽ ചിത്രം.