സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി പ്രതിരോധം.


കോട്ടയം: ഡെങ്കിപ്പനി വ്യാപിക്കുന്നത് സാമൂഹികപങ്കാളിത്തത്തോടെ പ്രതിരോധിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പ്രിയ പറഞ്ഞു. ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അകലക്കുന്നം ഗ്രാമപഞ്ചായത്ത് ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അവർ.  ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകൾ വീടിനുള്ളിലും പരിസരത്തുമുള്ള ചെറു ജലശേഖരങ്ങളിലാണ് മുട്ടയിടുന്നത്. അതിനാൽ ഡെങ്കിപ്പനി പ്രതിരോധം ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നും ഡി.എം.ഒ. പറഞ്ഞു. മഴപയ്തുകഴിഞ്ഞാൽ വീട്ടിനു ചുറ്റും ചിരട്ടകളിലും പാത്രങ്ങളിലും മുട്ടത്തോട് മരപ്പൊത്ത് സൺഷെയ്ഡ് തുടങ്ങി ഒരിടത്തും കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഇത് കുട്ടികൾക്കുൾപ്പെടെ ഓരോരുത്തർക്കും ഏറ്റെടുക്കാവുന്ന ചെറിയ കാര്യമാണെന്നും പൊതുജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കാൻ സാമൂഹിക-രാഷ്ട്രീയ സംഘടനകൾ മുന്നോട്ടു വരണമെന്നും ഡി.എം.ഒ. പറഞ്ഞു. പരിപാടിയിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ അധ്യക്ഷത വഹിച്ചു.  ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി.  പാമ്പാടി താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. കെ.എ. മനോജ്, മുണ്ടൻകുന്ന് ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.  എസ്.വൈ. പ്രീത, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ജില്ലാ മലേറിയ ഓഫീസർ ഷാജു പി. ജോൺ, ഹെൽത്ത് ഇൻസെക്ടർ വി.സി. അജിത് എന്നിവർ പ്രസംഗിച്ചു. ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസർ സി.ജെ. ജെയിംസ് ക്ലാസെടുത്തു.