കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മുതൽ ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൊവ്വാഴ്ച വരെ ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിലാൽ റെഡ് അലെർട്ടിന് സമാനമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ജില്ലയിൽ തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ അടിയന്തരമായി എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കോട്ടയം-ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലെ രാത്രി സഞ്ചാരം ഒഴിവാക്കണമെന്നും താഴ്ന്ന മേഖലകളിലും നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ ഉച്ചയ്ക്കുശേഷം മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ട്. മഴ പെട്ടെന്ന് ശക്തമാവുകയും ജലനിരപ്പ് കൂടാനും സാധ്യതയുള്ളതിനാൽ പുഴയിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം.