മുറിയിൽ കയറി വാതിലടച്ച് പൂട്ടി രണ്ടു വയസുകാരി കിടന്നുറങ്ങി, വിളിച്ചിട്ടും വാതിലിൽ തട്ടിയിട്ടും അനക്കമില്ല, കാഞ്ഞിരപ്പള്ളിയിൽ വീട്ടുകാർ പരിഭ്രാന്തരായതോ


കാഞ്ഞിരപ്പള്ളി: മുറിയിൽ കയറി തനിയെ വാതിലടച്ച് പൂട്ടി കുസൃതിക്കാരിയായ രണ്ടു വയസുകാരി കിടന്നുറങ്ങി, കുഞ്ഞിനെ കാണാതായതോടെ വീടിനു ചുറ്റും ഓടിനടന്ന വീട്ടുകാർ പിന്നീടാണ് അറിഞ്ഞത് മുറിക്കുള്ളിലാണ് കുട്ടിയെന്ന്. വാതിലിൽ തട്ടി വിളിച്ചിട്ടും വലിയ ശബ്ദത്തോടെ മുട്ടിയിട്ടും കുട്ടി പ്രതികരിക്കാതിരുന്നതോടെ വീട്ടുകാർ പരിഭ്രാന്തരായി. കാഞ്ഞിരപ്പള്ളി സുഖോദയ റോഡിലുള്ള വീട്ടിലാണ് ശനിയാഴ്ച രാത്രി സംഭവം നടന്നത്. മുറിക്കുള്ളിൽ വെട്ടമില്ലാതിരുന്നതും ചാനലിനോട് ചേർന്ന് കർട്ടൻ കിടന്നും രാത്രിയായതും മൂലം മുറിക്കുള്ളിലെ കുഞ്ഞിനെ കാണാൻ സാധിക്കാതിരുന്നതോടെ വീട്ടുകാരുടെ ഭയം വർധിച്ചു. തുടർന്ന് കുട്ടിയുടെ പിതാവ് നേരിട്ട് കാഞ്ഞിരപ്പളളി ഫയർഫോഴ്സ് ഓഫീസിലെത്തി വിവരം അറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നൗഫൽ പി.എയുടെ നേതൃത്വത്തിൽ ആണ് ഉദ്യോഗസ്ഥരെത്തി മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറിത്. എന്നാൽ ഇത്രയും ബഹളങ്ങളും ശബ്ദ കോലാഹലങ്ങളും വീട്ടിലും മുറിക്കു പുറത്തും നടക്കുമ്പോഴും കുട്ടി ഇതൊന്നും അറിയാതെ മുറിയ്ക്കുള്ളിൽ സുഖമായുറങ്ങുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പം ഇരുന്നിരുന്ന കുട്ടി തനിയെ റൂമിലേക്ക് പോയി കതകടച്ചു കിടക്കുകയായിരുന്നു.