കോട്ടയം: ആഡംബര കപ്പലിൽ ഒരു കടൽ യാത്ര സ്വപ്നം കാണാത്തവരായി നമുക്കിടയിൽ ആരുമുണ്ടാകില്ല. വിവിധ കെ എസ് ആർ ടി സി ഡിപ്പോകളിൽ നിന്നായി അറബിക്കടലിൽ ആഡംബര കപ്പൽ യാത്രാ ആഘോഷങ്ങളുമായി ട്രിപ്പുകൾ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ആഡംബര ക്രൂയ്‌സ് ടൂറുമായി കോട്ടയം കെ എസ് ആർ ടി സിയും. ആഡംബര ക്രൂയ്‌സ് ആയ നേർഫർറ്റിറ്റിയിൽ 5 മണിക്കൂർ അറബികടലിൽ 4 സ്റ്റാർ സൗകര്യത്തോടെ ആഘോഷമാക്കാൻ സംവിധാനമൊരുക്കുകയാണ് കോട്ടയം കെ എസ് ആർ ടി സി. അസ്തമയ സൂര്യന്റെ മനോഹരിതയിൽ 5 മണിക്കൂർ അറബികടലിൽ ആഘോഷമാക്കാനുള്ള ട്രിപ്പാണ് കോട്ടയം കെ എസ് ആർ ടി സി ഒരുക്കുന്നത്. മെയ് 16ന് കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 3 മണിക്ക് ബോൾഗാട്ടി പാലസിൽ എത്തുന്ന ബസ്സിൽ നിന്നും യാത്രക്കാർക്ക് കപ്പലിൽ കയറാം. മുതിര്‍ന്നവര്‍ക്ക് 3,560 രൂപയും കുട്ടികള്‍ക്ക് 1,250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രസകരമായ ഗെയിമുകൾ, തത്സമയ സംഗീതം, നൃത്തം, ബോഫൈ ഡിന്നർ,മ്യൂസിക് വിത്ത് അപ്പർ ഡെക്ക്, ഡി. ജെ,വിഷുലൈസിങ് എഫക്ടസ് എന്നിവ യാത്രയുടെ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം പകർന്നു നൽകുന്നവയാണ്. ഒപ്പം കുട്ടികൾക്കുള്ള കളിസ്ഥലം, തീയേറ്റർ സൗകര്യങ്ങളും ആഡംബര കപ്പലിൽ ലഭ്യമാണ്. യാത്രാപ്രേമികളുടെ ഇഷ്ടമനുസരിച്ച് കാടുകളിലേക്കും മൊട്ട കുന്നുകളിലേക്കും വെളളച്ചാട്ടങ്ങളിലേക്കും ചരിത്രപ്രധാന ഇടങ്ങളിലേക്കും കടൽ കാണാനുമെല്ലാം പൊതുജനങ്ങളെ ഉത്തരവാദിത്തത്തോടെ കൊണ്ടു പോകുകയാണ് കെഎസ്ആർടിസി. 2021ൽ കേരളപിറവി ദിനത്തിലാണ് കെഎസ്ആർടിസി ആദ്യത്തെ ബജറ്റ് ടൂർ ആരംഭിച്ചത്. മുൻപ് പാലാ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും കടൽ യാത്ര നടത്തിയിരുന്നു.