മണിമല: എൽ കെ ജി വിദ്യാർത്ഥിനിയും 6 വയസ്സുകാരിയുമായ കുട്ടിയുടെ കുസൃതിയിൽ മണിമലയിൽ നാട് മുൾമുനയിൽ നിന്നത് രണ്ടര മണിക്കൂർ. ഇന്നലെ ഉച്ചക്ക് മണിമലയിൽ മണിമലക്കാവ് ദേവീക്ഷേത്രത്തിനു സമീപമുള്ള വീട്ടിലെ കുസൃതിക്കുട്ടിയാണ് പണി പറ്റിച്ചത്. വീട്ടിൽ അന്യസംസ്ഥാനക്കാരായ നാടോടി സ്ത്രീകൾ എത്തിയിരുന്നു. ഇവർ പോയതിനു പിന്നാലെ കുട്ടിയെ കാണാതാവുകയായിരുന്നു. മാതാപിതാക്കളും ബന്ധുക്കളും കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് ഇവർ വിവരം മണിമല പോലീസ് സ്റ്റേഷനിലും നാട്ടുകാരെയും അയൽവാസികളെയും അറിയിക്കുകയായിരുന്നു. തുടർന്ന് നാട് മുഴുവനും ഒറ്റക്കെട്ടായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളും വാഹനങ്ങളും പരിശോധിച്ചു. കുട്ടിയെ കാണാനില്ലെന്ന് നവമാധ്യമങ്ങളിൽ സന്ദേശം നൽകി. ഇതോടെ നൂറുകണക്കിനാളുകളാണ് വീട്ടിലേക്കും പല സ്ഥലങ്ങളിലായി തിരച്ചിലിനും ഒപ്പം എത്തിയത്. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞതിനു ശേഷം രണ്ടര മണിക്കൂർ പിന്നിട്ടപ്പോഴാണ് കുട്ടിയെ വീടിനുളിൽ നിന്നും കണ്ടെത്തിയത്. ഒളിച്ചിരുന്നത് സഹോദരങ്ങളോട് പിണങ്ങിയാണെന്നും കുട്ടി പറഞ്ഞു.