എരുമേലി മുക്കൂട്ടുതറയിൽ കടത്തിണ്ണയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി, കൊലപാതകമെന്ന് സംശയം, ഒരാൾ പോലീസ് കസ്റ്റഡിയിൽ.


എരുമേലി: എരുമേലി മുക്കൂട്ടുതറയിൽ കടത്തിണ്ണയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീനിപുരം കോളനി സ്വദേശി വിളയിൽ ഗോപി (75) യെ ആണ് മരിച്ച നിലയിൽ കണ്ടത്. ലോട്ടറി വ്യാപാരിയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. എരുമേലി ഗ്രാമപഞ്ചായത്തിന്റെ മുക്കൂട്ടുതറയിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലെ കടത്തിണ്ണയിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ എരുമേലി പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. കുടുംബവുമായി അകന്നു കഴിയുകയായിരുന്ന ഗോപി കടത്തിണ്ണയിൽ അന്തിയുറങ്ങുകയായിരുന്നു പതിവ്. മറ്റു ലോട്ടറി വിൽപ്പനക്കാർ രാവിലെ വന്നു വിളിച്ചപ്പോഴാണ് ഗോപിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ ബന്ധുക്കളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.