കോട്ടയം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന മുന്നറിയിപ്പിൽ കോട്ടയം ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ കനത്ത മഴ തുടരുന്നു. ബുധനാഴ്ച രാത്രി ആരംഭിച്ച മഴ വ്യാഴാഴ്ച രാവിലെയും ശമനമില്ലാതെ തുടരുകയാണ്. രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ രാത്രി കോട്ടയം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. മഴ ശക്തമായതോടെ ജില്ലയിലെ പ്രധാന നദികളായ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു. മഴ ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.