വൈക്കം: വൈക്കം കായലോരത്തെ നാഴികമണി ശിൽപ്പം ഇരുമ്പു തൂണുകൾ ഒടിഞ്ഞു മറിഞ്ഞു. വൈക്കം കായലോരത്ത് വൈക്കം ബോട്ട്ജെട്ടിക്ക് സമീപം സ്ഥാപിച്ച കൂറ്റൻ നാഴികമണി ശിൽപ്പം ആണ് ഇരുമ്പു തൂണുകൾ ഒടിഞ്ഞു കായലിലേക്ക് മറിഞ്ഞു കിടക്കുന്നത്. വലിയൊരു കാറ്റുണ്ടായാൽ മണി കായലിൽ പതിക്കുന്ന അവസ്ഥയിലാണ്. 15 ലക്ഷം രൂപ മുതൽ മുടക്കി വൈക്കം കായലോരത്ത് സ്ഥാപിച്ച നാഴികമണി ശിൽപം 2015 ഓഗസ്റ്റ് 23 നു സാംസ്ക്കാരിക മന്ത്രിയായിരുന്ന കെ.സി ജോസഫാണ് അനാശ്ചാദനം ചെയ്തത്. അറ്റകുറ്റപ്പണികൾ നടത്തണമെന്ന് നിരവധി തവണ നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കൃത്യമായ പരിചരണമില്ലാത്തതിനാൽ നാഴിക മണിയും ഇരുമ്പ് കാലുകളും നാശത്തിന്റെ വക്കിലായിരുന്നു. ഓരുവെള്ളത്തിൽ മുങ്ങി കിടക്കുന്നതിനാലും ഉപ്പ് കാറ്റ് ഏൽക്കുന്നതിനാലും ഇരുമ്പ് കാലുകൾ തുരുമ്പിച്ച അവസ്ഥയിലായിരുന്നു. 2014-ലെ കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായിരുന്ന മണി കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്ന എം.കെ ഷിബുവിന്റെ ശ്രമഫലമായി 2015ലാണ് വൈക്കത്ത് എത്തിച്ചത്.