ജാഗ്രത വേണം! വരുന്നത് അതിതീവ്രമഴ: കോട്ടയം ജില്ലയിൽ ഞായറാഴ്ച യെല്ലോ അലേർട്ട്, തിങ്കളാഴ്ച ഓറഞ്ച് അലേർട്ട്! കിഴക്കൻ മേഖലയിലെ യാത്രയിൽ കരുതൽ വേണം.


കോട്ടയം: അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ ഞായറാഴ്ച മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഓറഞ്ച് അലെർട്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓറഞ്ച് അലെർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കാലവർഷം മെയ്‌ 19 ഓടു കൂടി തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും തുടർന്ന് മെയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ് നാട് തീരത്തിനും കോമറിൻ  മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ മേഘലകളിലേക്കുള്ള യാത്രകളിൽ ജാഗ്രത പാലിക്കണം. 

ഓറഞ്ച് അലർട്ട്

18-05-2024 : പാലക്കാട്, മലപ്പുറം

19-05-2024 : പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

20-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

മഞ്ഞ അലർട്ട്

17-05-2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്

18-05-2024 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്

19-05-2024 :തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം 

20-05-2024 :തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്