കോട്ടയം: ജോസ് കെ മാണിക്ക് എതിരായ വിവാദ പരാമർശത്തെ തുടർന്ന് പാലാ നഗരസഭാ കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കി സിപിഎം. പാർട്ടി നയത്തിന് വിരുദ്ധമായാണ് ബിനു പുളിക്കകണ്ടം ഇന്ന് പ്രതികരിച്ചതെന്ന് സിപിഎം കോട്ടയം ജില്ല സെക്രട്ടറി എ വി റസൽ പറഞ്ഞു.
അച്ചടക്ക ലംഘനത്തിനാണു പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായ ബിനുവിനെ സിപിഎം പാലാ ഏരിയാ കമ്മിറ്റി പുറത്താക്കിയത്. ജനങ്ങളിൽ നിന്ന് ഓടിയൊളിച്ച് പിൻവാതിലിലൂടെ അധികാരത്തിലേക്കെത്താനാണ് കേരളാ കോൺഗ്രസ്സ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണി ശ്രമിക്കുന്നത് എന്ന് പാലാ നഗരസഭയിലെ സിപിഐഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം പറഞ്ഞിരുന്നു. പാലാ നഗരസഭയിലേക്കു വിജയിച്ച ഏക സിപിഎം അംഗമാണ് ബിനു. നോമിനേഷൻ സംവിധാനം വന്നാലേ അദ്ദേഹത്തിന് നിയമസഭ കാണാനാവൂ എന്നും ജോസ് കെ. മാണി ജനങ്ങളിൽ നിന്ന് ഓടിയൊളിക്കുകയാണെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. സ്ഥാനമാനങ്ങൾ നേടിയെടുക്കുന്നതിനായി നിലപാടുകളില്ലാത്ത ജോസ് കെ മാണിയോട് യുദ്ധത്തിനില്ല എന്നും ബിനു പറഞ്ഞിരുന്നു. പാലാ ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തിനു ജില്ലാ കമ്മിറ്റി അംഗീകാരം നൽകിയെന്നു സിപിഎം ജില്ലാ സെക്രട്ടറി എ.വി റസ്സൽ പറഞ്ഞു. ഒന്നര വർഷം മുൻപാണ് ജോസ് കെ മാണിയുടെ ഇടപെടലിൽ ബിനുവിന് പാലാ നഗരസഭാ ചെയർമാൻ സ്ഥാനം നഷ്ടമായത്. തുടർന്ന് പിന്നീട് കൗൺസിൽ യോഗങ്ങളിൽ ബിനു കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയിരുന്നത്. തുടര്‍ച്ചയായ അച്ചടക്കലംഘനം കണക്കിലെടുത്ത് നടപടിയെന്ന് സിപിഎം പാലാ ഏരിയ കമ്മറ്റി അറിയിച്ചു. സിപിഎമ്മിന് ആദ്യമായി ഭരണം കിട്ടിയ പാലാ നഗരസഭയില്‍ ഭരണത്തിന്റെ ആദ്യകാലം മുതല്‍തന്നെ ബിനു പുളിക്കക്കണ്ടം പാര്‍ട്ടിയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്നു.