കോട്ടയം ജില്ലയിൽ പാഠപുസ്തകവിതരണം പൂർത്തിയായി, ആകെ 12,69,123 പാഠപുസ്തകങ്ങൾ.


കോട്ടയം: പുതിയ അധ്യയനവർഷത്തേയ്ക്കുള്ള സ്‌കൂൾ പാഠപുസ്തകവിതരണം കോട്ടയം ജില്ലയിൽ പൂർത്തിയായി. മേയ് 30 നകം വിതരണം പൂർത്തിയാക്കി സംസ്ഥാനതലത്തിൽ സ്‌കൂൾ പാഠപുസ്തകവിതരണം പൂർത്തിയാക്കുന്ന ആദ്യജില്ലകളിലൊന്നായി കോട്ടയം മാറി. ജില്ലയിൽ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലേയ്ക്കുള്ള 12,69,123 പുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടിയിരുന്നത്.

 

 ഇതിൽ അൺഎയ്ഡഡ് സ്‌കൂളുകളിലേയ്ക്കുള്ള 72,714 പുസ്തകങ്ങളിൽ 36080 എണ്ണം ഒഴികെ വ്യാഴം(മേയ് 30) കൊണ്ട് വിതരണം പൂർത്തിയാക്കിയെന്നു കോട്ടയം ജില്ലാ പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ പറഞ്ഞു. അൺഎയ്ഡഡ് സ്‌കൂളുകൾക്കുള്ള ബാക്കി പുസ്തകങ്ങളും പുതുപ്പള്ളി സെന്റ് ജോർജ് ഗവ. വി.എച്ച്.എസ്.എസിലെ ജില്ലാ ഹബിൽ വിതരണത്തിനു തയാറാണ്.  കേരള ബുക്ക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി(കെ.പി.ബി.എസ്)യിൽനിന്ന് ജില്ലയിലേയ്ക്കാവശ്യമായ മുഴുവൻ പുസ്തകങ്ങളും മേയ് 27-ഓടുകൂടി ജില്ലാ ഹബിൽ എത്തിച്ചിരുന്നു. മാർച്ച് 12നാണ് ജില്ലാ ഹബിൽനിന്ന് പാഠപുസ്തകങ്ങൾ സ്‌കൂളുകളിലേക്കു വിതരണം ചെയ്തു തുടങ്ങിയത്. ആദ്യഘട്ടത്തിൽ സിലബസിൽ മാറ്റം വരാത്ത 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ആദ്യം വിതരണം ചെയ്തത്. രണ്ടാംഘട്ടത്തിൽ സിലബസ് പരിഷ്‌കരിച്ച 1,3,5,7,9 ക്ലാസുകളിലെ പുസ്തകങ്ങളും കൈമാറി സ്‌കൂൾ തുറക്കും മുമ്പേ വിതരണം പൂർത്തിയാക്കാനായി. 251 സ്‌കൂൾ സൊസൈറ്റികളിലേയ്ക്കും കുടുംബശ്രീ വഴിയാണ് പാഠപുസ്തകവിതരണം സാധ്യമാക്കിയത്. കനത്ത മഴയടക്കമുള്ള പ്രതിസന്ധികളെ തരണം ചെയ്താണ് കുടുംബശ്രീ പ്രവർത്തകർ പാഠപുസ്തകങ്ങളുടെ തരംതിരിക്കലും വിതരണവും അടക്കമുള്ളവ സമയബന്ധിതമായി പൂർത്തിയാക്കിയത്.