എരുമേലി: ബുധനാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ മലയോര മേഖലയിൽ നാശനഷ്ടങ്ങൾ. എരുമേലി-റാന്നി റോഡിൽ കനകപ്പലം വനമേഖലയിൽ വൈദ്യുതി പോസ്റ്റ് തകർന്നു വീണു ഗതാഗതം തടസ്സപ്പെട്ടു. ഒരു മണിക്കൂറിലധികം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
ബസ്സുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. നിരവധിപ്പേരുടെ റബ്ബർ മരങ്ങൾ കടപുഴകി വീണു. മലയോര മേഖലയിൽ ശക്തമായ കാറ്റിൽ വീടുകളുടെ മുകളിലേക്ക് മരം വീണു ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റും മണിമല കെഎസ്ഇബി സെക്ഷൻ ജീവനക്കാരും ചേർന്നാണ് എരുമേലി-റാന്നി റോഡിൽ വൈദ്യുത പോസ്റ്റും ഒടിഞ്ഞു വീണ മരങ്ങളും മാറ്റി ഗതാഗതം സുമമാക്കിയത്.