കോട്ടയം: പാർലമെന്റിൽ ഇത്തവണ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് കോട്ടയം ജില്ല. കോട്ടയം ജില്ലയിൽ നിന്നും ഇത്തവണ പാർലമെന്റിലെത്തുന്നത് അഞ്ച് പേരാണ്. ഇതോടെ കോട്ടയം ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക് കൂടുതൽ കരുത്തു പകരാനാകുമെന്നാണ് ജില്ലയുടെ വിശ്വാസം.
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്നും ഫ്രാൻസീസ് ജോർജ്ജും കോട്ടയം ജില്ലയുടെ ഭാഗമായ പത്തനംതിട്ട-പൂഞ്ഞാർ നിയോജകമണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ നിന്നും ആന്റോ ആന്റണിയും ചങ്ങനാശ്ശേരി നോയോജകമണ്ഡലം ഉൾപ്പെടുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ നിന്നും കൊടിക്കുന്നിൽ സുരേഷും ജില്ലയ്ക്കായി പാർലമെന്റിൽ ശബ്ദമുയർത്തും.
മൂന്നാം മോദി സര്‍ക്കാരില്‍ അപ്രതീക്ഷിതമായി കോട്ടയം സ്വദേശിയായ ജോർജ് കുര്യനെ തേടി കേന്ദ്ര സഹമന്ത്രി സ്ഥാനം എത്തിയതോടെ കോട്ടയത്തിനു ഒരു കേന്ദ്ര സഹമന്ത്രിയെക്കൂടി ലഭിച്ചിരിക്കുകയാണ്. നിലവിൽ ജോർജ് കുര്യൻ ലോക്സഭാ മണ്ഡലത്തിൽ നിന്നും വോട്ട് നേടി വിജയിച്ചതല്ലെങ്കിലും ബി ജെ പിക്ക് ഉറപ്പുള്ള ഏതെങ്കിലും സംസ്ഥാനത്തിലെ രാജ്യസഭാ സീറ്റില്‍ നിന്ന് ജോര്‍ജ് കുര്യന്‍ മത്സരിച്ച് വിജയിക്കും. കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ നിന്ന് ജോസ് കെ മാണി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച് വരും എന്നും ഉറപ്പായതോടെ കോട്ടയത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തു പകരാൻ പാർലമെന്റിൽ എത്തുന്നത് അഞ്ച് പേരാണ്.