കോട്ടയം: കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ കോട്ടയം ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ നാശനഷ്ടങ്ങൾ. അതിശക്തമായ മഴയിലും കാറ്റിലും നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു.
റോഡിലേക്ക് വീണ മരങ്ങൾ അഗ്നിരക്ഷാ സേന എത്തി മുറിച്ചു മാറ്റി. വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. കാറ്റിലും മഴയിലും മരം വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞതിനാൽ വിവിധ മേഖലകളിൽ വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ട്.
ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എരുമേലിയിൽ വലിയ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് ഹോട്ടലിന്റെ അടുക്കള തോട്ടിൽ പതിച്ചു. ശക്തമായ ഒഴുക്കിലാണ് തോടിന്റെ സംരക്ഷണ ഭിത്തി തകർന്നത്. അടുക്കള തോട്ടിൽ പതിച്ചതോടെ പാത്രങ്ങളും ഒഴുകി പോയിട്ടുണ്ട്. മലയോര മേഖലയിൽ പത്തനംതിട്ട-കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശമായ അറയാഞ്ഞിലിമണ്, കുറുമ്പൻമൂഴി കോസ് വേയിൽ വെള്ളം കയറി.