കാലവർഷം കനത്തു, കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകൾ ഭീതിയിൽ, വീടുകളിൽ വെള്ളം കയറി, ക്യാമ്പുകൾ സജ്ജമാക്കാൻ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി ജില്ലാ കളക്ടർ.


കോട്ടയം: കാലവർഷം കനത്തതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകൾ ഭീതിയിൽ. കിഴക്കൻ മേഖലകളിൽ മഴ ശക്തമാകുന്നതോടെ ഭീതിയുടെ മഴക്കാരാണ് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ മനസ്സിൽ.

 

 കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാകും. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന അതിതീവ്ര മഴയിൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. തിരുവാർപ്പ്, അയ്മനം, കുമരകം, ആർപ്പൂക്കര എന്നീ പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്.

 

 കോട്ടയം-കുമരകം റോഡിൽ ഇല്ലിക്കൽ, അമ്പക്കുഴി, ചെങ്ങളം ഭാഗത്തും റോഡിൽ വെള്ളം കയറി. കനത്ത മഴയിൽ മണിമല,മീനച്ചിൽ ആറുകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. കോട്ടയം–കുമരകം റോഡിൽ താഴത്തങ്ങാടി ഭാഗത്തു മീനച്ചിലാറിന്റെ തീരത്തു നിന്ന മരം ആറ്റിലേക്കു കടപുഴകി വീണു. കോട്ടയം–കുമരകം റോഡിൽ വിള്ളൽ രൂപപ്പെട്ടു.  താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ക്യാമ്പുകൾ സജ്ജമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തഹസിൽദാർമാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

ഫയൽ ചിത്രം.