പാലാ: രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി. നിയമസഭാ സെക്രട്ടറിയില്‍ നിന്ന് ജോസ് കെ മാണി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ജനാധിപത്യവും ഭരണഘടനയും ശക്തിപ്പെടുത്താനും ജനാധിപത്യ അവകാശങ്ങൾക്കായി നിലയുറപ്പിക്കാനും ഈ കാലയളവും വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിനുണ്ടായ ഉജ്വല വിജയം കരുത്തേറിയ പ്രതിപക്ഷ നിരയാണ് പാർലമെൻറിൽ നൽകിയിട്ടുള്ളത്. തീർച്ചയായും അത് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടലുകൾ നടത്താൻ സഹായിക്കും.
രാജ്യസഭയിൽ കേരള കോൺഗ്രസ് എം. പ്രതിനിധിയായി ഒരിക്കൽ കൂടി അവസരം നൽകിയ ഇടതു ജനാധിപത്യ മുന്നണിക്കും സി.പി എം നേതൃത്വത്തിനും നിസീമമായ നന്ദിയും സ്നേഹവും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരായ അഡ്വ. ജോബ് മൈക്കിള്‍, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍, അഡ്വ. പ്രമോദ് നാരായണ്‍, കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.