കടുത്തുരുത്തി: കടുത്തുരുത്തിയിൽ യുവതിയെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉപേക്ഷിച്ചു കാമുകൻ. കരഞ്ഞു തളർന്നു അവശനിലയിലായി കുഴഞ്ഞുവീണ യുവതിയെ പൊലീസെത്തി അഭയ കേന്ദ്രത്തിലാക്കി.
ഇന്നലെ ഉച്ചയോടെ മാഞ്ഞൂർ മാൻവെട്ടത്തെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. പത്തനംതിട്ട സ്വദേശിയായ യുവാവും ഞീഴൂരുള്ള യുവതിയും തമ്മിൽസംസാരിച്ചിരിക്കുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും യുവാവ് ബസ്സ് കാത്തിരിപ് കേന്ദ്രത്തിൽനിന്നും ഇറങ്ങിപ്പോകുകയുമായിരുന്നു. ഇത് നാട്ടുകാർ കണ്ടിരുന്നു.
ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ കരഞ്ഞുകൊണ്ടിരുന്നു യുവതിയോട് നാട്ടുകാർ കാര്യങ്ങൾ അന്വേഷിച്ചെങ്കിലും യുവതി ഒന്നും പറഞ്ഞില്ല. കരഞ്ഞു തളർന്നു അവശനിലയിലായ യുവതി ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു പോലീസ് എത്തി യുവതിയെ ആശുപത്രിയിലും പിന്നീട് അഭയ കേന്ദ്രത്തിലും പ്രവേശിപ്പിക്കുകയായിരുന്നു. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാതാവിനെ ബന്ധപ്പെട്ടെങ്കിലും ആശുപത്രിയിൽ എത്താത്തിരുന്നതിനാലാണ് പോലീസ് യുവതിയെ അഭയ കേന്ദ്രത്തിലാക്കിയത്. ഇന്ന് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.