കോട്ടയം: കാപ്പാ നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനത്ത് മുന്നില്‍ കോട്ടയം ജില്ലാ പൊലീസ്. വിവിധ ക്രിമിനല്‍ കേസുകളില്‍പ്പെട്ട 301 പേര്‍ക്കെതിരെയാണ് ഈ വര്‍ഷം ഇതുവരെ കോട്ടയം ജില്ലാ പൊലീസ് നിയമ നടപടിക്ക് ശുപാര്‍ശ ചെയ്തത്.
150 കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ 18 പേരെ ജയിലിലടക്കുകയും ചെയ്തു. 2018 മുതല്‍ 2023 വരെ നിരന്തര കുറ്റവാളികളായ 304 പേര്‍ക്കെതിരെയായിരുന്നു കാപ്പാ നിയമം നടപ്പാക്കിയിരുന്നത്. കഴിഞ്ഞ 4 വര്‍ഷങ്ങളിലായി സ്വീകരിച്ചിരുന്ന നടപടിയേക്കാളേറെയാണ് ഈ വര്‍ഷം ആറ് മാസം കൊണ്ട് നടപ്പാക്കിയത്.
നാടുകടത്തിയവര്‍ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിക്കുകയോ, അതാത് ഡിവൈഎസ്പി ഓഫീസുകളില്‍ ഒപ്പിടേണ്ടവര്‍ ഒപ്പിടാതിരിക്കുകയോ ചെയ്താല്‍ ഇത്തരക്കാര്‍ക്കെതിരെ കാപ്പാ ലംഘനത്തിന് കേസെടുക്കും. ഇത്തരക്കാരെ തടങ്കലിലാക്കുകയും ചെയ്യും. ഈ വര്‍ഷം 20 കുറ്റവാളികളെയാണ് ഇങ്ങനെ തടങ്കലിലടച്ചത്. ജില്ലയിലെ ലഹരി വ്യാപനം തടയാനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.