കോട്ടയം: മൂന്നാം മോദി മന്ത്രിസഭയിൽ കോട്ടയത്തിനു ഇരട്ടി മധുരം. നാടിന്റെ പ്രിയപ്പെട്ട ജോർജ് ചേട്ടൻ ഇനി കേന്ദ്രമന്ത്രി. വിവരമറിഞ്ഞതോടെ ബന്ധുക്കളും സുഹൃത്തുക്കളും കാണക്കാരി നമ്പ്യാകുളം പൊയ്ക്കാരൻ കാലായിൽ വീട്ടിലേക്കു ഒഴുകിയെത്തി. വീട്ടിൽ സന്തോഷം പങ്കിടാൻ എത്തിയവർക്ക് ജോർജ് കുര്യന്റെ ഭാര്യ ലഫ് കേണൽ (റിട്ട) ഒ.ടി.അന്നമ്മയും കുടുംബാംഗങ്ങളും ചേർന്നു മധുരം നൽകി സ്വീകരിച്ചു.
തുടർച്ചയായി മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദിക്കൊപ്പം കേരളത്തിൽനിന്നു സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്തു. മധ്യകേരളത്തിൽ ബിജെപിയുടെ ക്രൈസ്തവ മുഖമാണു ജോർജ് കുര്യൻ. കോട്ടയത്തു പാർട്ടിക്കു സ്വാധീനമില്ലാതിരുന്ന കാലത്ത് സ്വന്തം ഭാവി നോക്കാതെയാണു ജോർജ് കുര്യൻ ബിജെപിയിൽ എത്തിയത്. പിന്നീട് അന്ന് മുതൽ ഇങ്ങോട്ട് ഒരു പദവികളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ല. ഒ രാജഗോപാൽ കേന്ദ്രമന്ത്രി ആയിരുന്നപ്പോള്‍ ഒഎസ്എഡി എന്ന നിലയിലും ദേശീയ ന്യൂപക്ഷകമ്മീഷന്‍ ഉപാധ്യക്ഷന്‍ എന്ന നിലയിലും ജോര്‍ജ്ജ് കുര്യന്‍ പ്രവര്‍ത്തിച്ചു. വര്‍ഷങ്ങളായി ബി ജെ പി സംസ്ഥാന ഓഫീസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് ജോർജ് കുര്യൻ. 1991 ലും 1998 ലും കോട്ടയത്തുനിന്ന് ലോകസഭയിലേക്കും 1996 ൽ മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്കും 2016 ല്‍ പുതുപ്പള്ളിയില്‍നിന്നും നിയമസഭയിലേയ്ക്കും മത്സരിച്ചു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് ഉള്ളില്‍ തോന്നിയ കടുത്ത സ്വാതന്ത്ര്യദാഹമാണ് ജോര്‍ജ് കുര്യനെ രാഷ്ട്രീയത്തിലെത്തിച്ചത്. അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നവര്‍ ഒന്നിച്ച് ജനതാപാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ജോര്‍ജ് കുര്യന്‍ അതിനൊപ്പം ചേര്‍ന്നു. അവിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിലധികവും ആര്‍.എസ്.എസ്. പശ്ചാത്തലമുള്ളവരായിരുന്നു. പിന്നീട് ബി.ജെ.പി രൂപംകൊണ്ടപ്പോള്‍ ജോര്‍ജ് കുര്യന്‍ ബി.ജെ.പിയുടെ ഭാഗമായി. എം.എ എല്‍എല്‍ബി ബിരുദദാരിയായ ജോർജ് കുര്യൻ ഡല്‍ഹിയില്‍ അഭിഭാഷകനായും പ്രവര്‍ത്തിച്ചിരുന്നു. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും പാർട്ടി പ്രവർത്തകരെ പേരെടുത്ത് വിളിക്കാൻ കഴിയുന്ന ബന്ധമുണ്ട് ജോർജ് കുര്യന്. കോട്ടയത്തിന്റെ മുക്കും മൂലയും മനസായിലാക്കിയ ഇപ്പോഴും ഏതൊരാവശ്യത്തിനും ഓടിയെത്തുന്ന സാധാരണക്കാരിൽ ഒരാളായിരുന്നു ജോർജ് കുര്യൻ.