കോട്ടയത്തിന്റെ ആകാശപ്പാത: അക്ഷര നഗരിയുടെ പുത്തൻ യാത്രാ സംസ്കാരത്തിലേക്കുള്ള ചുവടുവയ്പ്പ് ഇടറുന്നു, ഇല്ലാതാകുമോ തിരുവഞ്ചൂരിന്റെ സ്വപ്ന പദ്ധതി?


കോട്ടയം: അക്ഷര നഗരിയുടെ പുത്തൻ യാത്രാ സംസ്കാരത്തിലേക്കുള്ള ചുവടുവയ്പ്പ് ആയി കൊട്ടോഘോഷിക്കപ്പെട്ട കോട്ടയത്തിന്റെ ആകാശപ്പാതയിലേക്കുള്ള കാലിടറുന്നു. പ്രഖ്യാപിച്ച പോലെ പണി തീർന്നിരുന്നെങ്കിൽ കേരളത്തിലെ തന്നെ ആദ്യത്തെ ആകാശ പാത സ്വന്തമാക്കുന്ന ജില്ലാ കോട്ടയമായേനെ. ഗതാഗത കുരുക്ക് കുറയ്ക്കാനായി കോട്ടയത്തെ നഗര മധ്യത്തിൽ നിർമ്മിക്കാനൊരുങ്ങിയ ആകാശ നടപ്പാതയാണ് ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

 

 ഭാരിച്ച ചെലവു വഹിച്ച് കോട്ടയം സ്കൈ വാക്ക് പൂർത്തിയാക്കിയാലും ഭാവിയിൽ റോഡ് വികസനമുണ്ടായാൽ പൊളിച്ചു മാറ്റേണ്ടി വരുമെന്നു ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ആകാശപ്പാതയുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന കോട്ടയം എം എൽ എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതോടെയാണ് വീണ്ടും ആകാശപ്പാതയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.  കാൽനടയാത്രക്കാർക്ക് റോഡ്‌ മുറിച്ചു കടക്കാനുള്ള എളുപ്പത്തിന് വേണ്ടിയാണ് ആശയം മുൻപോട്ടു വച്ചത്.എന്നാൽ മഴയെ തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ ആകാശ നടപ്പാതയുടെ നിർമ്മാണം പാതി വഴിയിൽ നിലച്ചു.

 

 തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ കോട്ടയത്ത് പണിയാരംഭിച്ച ആകാശപാത പൂർത്തിയാകാത്തത് വലിയ വിവാദമായിരുന്നു. ആദ്യഘട്ടത്തില്‍ അഞ്ചു കോടി രൂപ നിശ്ചയിച്ച പദ്ധതിക്ക് ഇപ്പോള്‍ 17.82 കോടിയിലേറെ രൂപ വേണ്ടിവരും. സ്ഥലം ഏറ്റെടുക്കേണ്ടി വന്നാല്‍ അതിലും കൂടുതല്‍ പണം വേണ്ടിവരും. ഈ സാഹചര്യത്തില്‍ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. 2015 ഡിസംബർ 22നാണു നിർമാണം ആരംഭിച്ചത്. പദ്ധതിക്ക് ആവശ്യമായ 5.18 കോടി രൂപയും അനുവദിച്ചു. കിറ്റ്കോയെ നിർമാണ ചുമതല ഏൽപിച്ചു. 28 ലക്ഷം കെഎസ്ഇബിക്കും 7.5 ലക്ഷം ജല അതോറിറ്റിക്കും 54,000 രൂപ മണ്ണ് പരിശോധനയ്ക്കുമായി കിറ്റ്കോ കൈമാറി. നിർമാണത്തിന്റെ ഒരു ഘട്ടം പൂർത്തിയായ ശേഷമാണ് നിർമാണം നിലച്ചത്. നഗരത്തിന്റെ ഹൃദയഭാഗത്ത് കാൽനട യാത്രികർക്ക് വാഹനത്തിരക്കിലകപ്പെടാതെ റോഡ് മുറിച്ചു കടക്കുന്നതിനായി വിഭാവനം ചെയ്ത ആകാശ നടപ്പാതയുടെ നിർമ്മാണം ആദ്യ പ്രളയത്തിന് ശേഷമാണ് നിലച്ചത്. ആദ്യ പ്രളയത്തെ തുടർന്ന് ആകാശ നടപ്പാതയുടെ പണികൾ പ്രതിസന്ധി നേരിടുകയും പിന്നീട് പണികൾ മുഴുവനായും നിലയ്ക്കുകയുമായിരുന്നു. കോട്ടയത്തിന്റെ പൂവണിയാത്ത പോയ സ്വപ്നമാണ് നഗരത്തിന്റെ നടുക്ക് വെയിലും മഴയുമേറ്റു തുരുമ്പിച്ചു നിൽക്കുന്നത്. അഞ്ചു മാസം കൊണ്ട് പൂർത്തകരിക്കും എന്ന് പറഞ്ഞ പദ്ധതി പിന്നീട് സമൂഹമാധ്യമ കൂട്ടായ്മകൾക്കും വാട്ട്സ്ആപ്പ് കൂട്ടായ്മകൾക്കും ട്രോളിക്കളിക്കാനുള്ള സ്ഥിരം വിഷയമായി. ഓണവും ക്രിസ്മസുമുൾപ്പടെ എല്ലാ വിശേഷ ദിനങ്ങളിലും കോട്ടയത്തിന്റെ ആകാശ നടപ്പാത ട്രോളുകളിൽ ഇടം നേടിയിരുന്നു. ഗതാഗത കുരുക്ക് കുറയ്ക്കാനായി കോട്ടയത്തെ നഗര മധ്യത്തിൽ നിർമ്മിച്ച ആകാശ നടപ്പാതയുടെ നിർമ്മാണം പെരുവഴിയിലായതോടെ രാവിലെയും വൈകിട്ടും ഈ മേഖലയിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. സ്ട്രക്ച്ചറുകളുടെ നിർമ്മാണം പൂർത്തിയായപ്പോഴായിരുന്നു പ്രളയം. സംസ്ഥാനത്തെ ആദ്യത്തെ ആകാശ നടപ്പാതയാകേണ്ടിയിരുന്ന കോട്ടയം ആകാശപ്പാതയുടെ ഉത്‌ഘാടനം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് നിർവ്വഹിച്ചത്. ആദ്യം പണികൾക്കുണ്ടായിരുന്ന വേഗം പിന്നീട് നഷ്ടമായി. പ്രളയമെത്തിയതോടെ പണികൾ ഭാഗികമായി നിലച്ചു. പിന്നീട് പണികൾ ഒന്നും തന്നെ നടന്നു കണ്ടില്ല. 2021 ൽ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ കോട്ടയം കളക്ട്രേറ്റിൽ യോഗം ചേരുകയും നിർമ്മാണ പ്രവർത്തനങ്ങൾക്കായി കിറ്റ്കോയെ ആണ് ചുമതലപ്പെടുത്തിയിരുന്നതെന്നും പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കിറ്റ്കോയ്ക്ക് കഴിയാതെ വന്നതുമാണ് പദ്ധതി പാതി വഴിയിൽ നിലയ്ക്കാൻ കാരണമായതെന്നു അന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കോട്ടയത്തിന്റെ പൂവണിയാത്ത പോയ സ്വപ്നമാണ് നഗരത്തിന്റെ നടുക്ക് വെയിലും മഴയുമേറ്റു തുരുമ്പിച്ചു നിൽക്കുന്നത്. 2023 ൽ വീണ്ടും കോട്ടയത്തിന്റെ ആകാശപ്പാതയ്ക്ക് ജീവൻ വയ്ക്കുകയും ഹൈക്കോടതി ഇടപെടലിൽ കോട്ടയത്ത് ആകാശപ്പാതയുടെ ബലപരിശോധന ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതും പാതിവഴിയിൽ അവസാനിക്കുകയായിരുന്നു.