ജോലിക്കായി ശ്രീഹരി കുവൈത്തിൽ എത്തിയത് 5 ദിവസം മുൻപ്, വിദേശ ജോലിക്ക് പോയത് ആദ്യമായി, നൊമ്പരമടക്കാനാവാതെ വിതുമ്പി നാട്, ശ്രീഹരിയുടെ സംസ്കാരം ഞായറാഴ്ച.


ചങ്ങനാശ്ശേരി: കുവൈത്ത് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപിന്റെയും ദീപയുടെയും മകൻ ശ്രീഹരി പി. (27) ആദ്യമായാണ് വിദേശ ജോലിക്ക് പോയത്. 5 ദിവസം മുൻപാണ് ശ്രീഹരി കുവൈത്തിൽ ജോലിക്കായി എത്തിയത്.

 

 ശ്രീഹരിയുടെ ശവസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് നടക്കും. ഞായറാഴ്ച രാവിലെ 9 മണി മുതൽ ഇളംകാവിന് സമീപത്തുള്ള വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. ശ്രീഹരിയുടെ വിയോഗത്തിൽ നൊമ്പരമടക്കാനാകാതെ വിതുമ്പുകയാണ് നാട്. പിതാവ് പ്രദീപ് വർഷങ്ങളായി കുവൈത്തിൽ എൻബിടിസി കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു.

 

 എൻബിടിസി കമ്പനിയുടെ സൂപ്പർ മാർക്കറ്റിലായിരുന്നു ശ്രീഹരിക്ക് ജോലി ലഭിച്ചത്. പിതാവ് താമസിക്കുന്നതിന്റെ സമീപം തന്നെയായിരുന്നു മകനും താമസിച്ചിരുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിച്ച മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രിമാരായ കീർത്തി വർധൻ സിങ്, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. ശ്രീഹരിയുടെ മൃതദേഹം ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.