കോട്ടയം: തന്റെ ഏറ്റവും വലിയ സ്വപ്നനമായിരുന്ന സ്വന്തം വീടും കാറുമെന്ന സ്വപ്‌നങ്ങൾ പാതിവഴിയിൽ അവശേഷിപ്പിച്ചു ഉറ്റവർക്കരികിൽ നിന്നും അവസാന യാത്ര പറഞ്ഞു മടങ്ങാനൊരുങ്ങുകയാണ് സ്റ്റെഫിൻ. കുവൈത്ത് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബുവിന്റെ സംസ്കാരം ഇന്ന് നടക്കും.
മാങ്ങാനം മന്ദിരം ആശുപത്രി മോർച്ചറിയിൽ നിന്നു വിലാപയാത്ര ആദ്യം പേരമ്പ്രാക്കുന്നിലെ വീട്ടിലും തുടർന്നു പ്രാർഥനയ്ക്കു ശേഷം 9നു സെന്റ് മേരീസ് സിഹാസന പള്ളിയുടെ ഓഡിറ്റോറിയത്തിൽ പൊതുദർശനം. 1.30നു സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. 2.30ന് ഐപിസി ബെഥേൽ സഭയുടെ ഒൻപതാം മൈലിലുള്ള സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. അപകടത്തിന് ഒന്നര മണിക്കൂർ മുൻപാണ് സ്റ്റെഫിൻ ഓൺലൈനിൽ 2 ഷർട്ട് ഓർഡർ ചെയ്തത്.
കുവൈത്തിൽ ജോലി ചെയ്യുന്ന സുഹൃത്ത് തിരുവല്ല സ്വദേശി ഷാജിയോട് തിരികെ കുവൈത്തിലേക്ക് എത്തുമ്പോൾ ഷർട്ട് കൊണ്ട് വരണമെന്നും സ്റ്റെഫിൻ പറഞ്ഞിരുന്നു. പാമ്പാടിയിലെ സ്റ്റെഫിന്റെ വീട്ടിലെത്തി ഷാജി മാതാപിതാക്കൾക്ക് ഷർട്ട് കൈമാറിരുന്നു. വികാരനിർഭരമായ നിമിഷങ്ങളിലൂടെയായിരുന്നു സുഹൃത്തുക്കളും കുടുംബാംഗങ്ങളും കടന്നു പോയത്. നാടിനും സുഹൃത്തുക്കൾക്കും ഏറെ പ്രിയങ്കരനായിരുന്നു സ്റ്റെഫിൻ. അടുത്ത മാസം വീട്ടിലേക്ക് അവധിക്കു വരാനിരിക്കെയാണ് സ്റ്റെഫിനെ മരണം കവർന്നെടുത്തത്. കുവൈത്തിൽ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു സ്റ്റെഫിൻ. സഹോദരൻ ഫെബിനും ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഇരുവരും രണ്ടു സ്ഥലങ്ങളിലായിരുന്നു താമസിച്ചിരുന്നത്. അടുത്ത മാസം നാട്ടിൽ എത്തുമ്പോൾ വിവാഹം നടത്താനും പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുമായിരുന്നു തീരുമാനിച്ചിരുന്നത്. സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കി വെച്ചാണ് സ്റ്റെഫിൻ യാത്രയാകുന്നത്.