കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഇടതുമുന്നണി വോട്ടുകളിൽ ചോർച്ചയുണ്ടായതായി എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോട്ടയം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസീസ് ജോർജ്ജിന്റെ വിജയം കോട്ടയം പ്രസ് ക്ലബിൽ നേതാക്കള്‍ക്കൊപ്പം ആഘോഷിക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ. കഴിഞ്ഞതവണ കിട്ടിയ വോട്ടു പോലും ഇത്തവണ ഇടതുമുന്നണിക്ക് ലഭിച്ചില്ലെന്നും കേരളാ കോൺഗ്രസ്സ് എം ഇടത് മുന്നണിയിൽ എത്തിയിട്ട് മുന്നണി വോട്ട് പോലും ലഭിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനായതായും തിരുവഞ്ചൂർ പറഞ്ഞു. നിയുക്ത എംപി കെ.ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ മോൻസ് ജോസഫ്, മാണി സി.കാപ്പൻ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.