കോട്ടയം: വിവാഹവും പുതിയ വീടെന്ന സ്വപ്നവും ബാക്കിയാക്കി സ്റ്റെഫിൻ എത്തുന്നത് ഉറ്റവരോട് അന്ത്യയാത്ര പറയാൻ. നാട്ടിലും വിദേശത്തും എല്ലാവർക്കും പ്രിയപ്പെട്ടവനായ സ്റ്റെഫിന്റെ വിയോഗത്തിൽ ദുഃഖിതരായി നാട്. മരണവാർത്തയറിഞ്ഞതോടെ വീട്ടിലേക്ക് ഓടിയെത്തിയ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ കുഴങ്ങുകയായിരുന്നു.
കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29) ആണ് കുവൈത്ത് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടത്. അടുത്ത മാസം വീട്ടിലേക്ക് അവധിക്കു വരാനിരിക്കെയാണ് സ്റ്റെഫിനെ മരണം കവർന്നെടുത്തത്. കുവൈത്തിൽ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു സ്റ്റെഫിൻ. സഹോദരൻ ഫെബിനും ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഇരുവരും രണ്ടു സ്ഥലങ്ങളിലായിരുന്നു താമസിച്ചിരുന്നത്.
അടുത്ത മാസം നാട്ടിൽ എത്തുമ്പോൾ വിവാഹം നടത്താനും പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുമായിരുന്നു തീരുമാനിച്ചിരുന്നത്. സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കി വെച്ചാണ് സ്റ്റെഫിൻ യാത്രയാകുന്നത്. സഹോദരൻ ഫെബിനും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് എത്തും. ഇരുവരും ഒരുമിച്ചു അടുത്ത മാസം നാട്ടിലെത്താനായി തയ്യാറെടുക്കുന്നതിനിടെയാണ് സ്റ്റെഫിനെ മരണം കവർന്നത്. ഇളയ സഹോദരൻ കെവിൻ ഇസ്രയേലിൽ പിഎച്ച്ഡി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.