എരുമേലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച അനിൽ ആന്റൺ പരാജയപ്പെട്ടെങ്കിലും പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവർത്തനം തുടരാൻ നിർദ്ദേശിച്ചു ദേശീയ നേതൃത്വം. അനുകൂല ഘടകങ്ങൾ കുറവായിട്ടും ഇത്തവണ രണ്ടു ലക്ഷത്തിൽപ്പരം വോട്ടുകൾ കുറച്ചു മാസത്തെ പ്രചാരണത്തിലൂടെ മാത്രം സ്വന്തമാക്കാൻ സാധിച്ചതിനാലാണ് ഇത്തരമൊരു നിർദ്ദേശം ദേശീയ നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്.
ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച സുരേഷ് ഗോപിയുടെ 'തൃശൂർ' മോഡൽ പത്തനംതിട്ടയിലും പരീക്ഷിക്കാനൊരുങ്ങുകയാണ് ദേശീയ നേതൃത്വം. പത്തനംതിട്ടയിൽ ഓഫിസ് തുറക്കാനും ആലോചനയുണ്ട്. തൃശൂരിൽ പരാജയപ്പെട്ടപ്പോഴും മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടർന്നാണ് സുരേഷ് ഗോപി ഇത്തവണ വിജയിക്കാൻ കാരണമായതെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇത്തവണ 234406 വോട്ടുകൾ അനിൽ ആന്റണിക്ക് ലഭിച്ചു. 2009 ൽ ബിജെപി സ്ഥാനാർഥിയായ ബി രാധാകൃഷ്ണ മേനോൻ 56294 വോട്ടുകളാണ് നേടിയത്. 2014 ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച എം ടി രമേശ് 138954 വോട്ടുകൾ നേടി. 2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ സുരേന്ദ്രൻ 297396 വോട്ടുകളും നേടിയിരുന്നു.