കോട്ടയം: സംസ്ഥാനത്ത് അടുത്ത 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടി മിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ മഴ ആരംഭിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ മീനച്ചിൽ, മണിമല ആറുകളിലെ ജലനിരപ്പ് ഉയർന്നു. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും മൂവാറ്റുപുഴയാറിൻ്റെയും കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. രാത്രികാലങ്ങളിലെ അപകട സാഹചര്യങ്ങൾ കണക്കിലെടുത്തു ഭീഷണിപ്രദേശങ്ങളിൽ ഉള്ളവരെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും ജില്ലാ കളക്ടർ പറഞ്ഞു.