കോട്ടയം: കോട്ടയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നാറ്റ്പാക്ക് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത നിര്‍മിക്കാൻ തീരുമാനിച്ചതെന്നും സർക്കാർ എൻജിനീയറും തൃശൂർ എൻജിനീയറിങ് കോളജും പാലക്കാട് എൻഐടിയും ആകാശപ്പാതയ്ക്ക് സർട്ടിഫിക്കേഷൻ നൽകിയതാണെന്നും കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.
കോട്ടയത്തെ ആകാശപ്പാതയുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിൽ ഭാരിച്ച ചെലവു വഹിച്ച് കോട്ടയം സ്കൈ വാക്ക് പൂർത്തിയാക്കിയാലും ഭാവിയിൽ റോഡ് വികസനമുണ്ടായാൽ പൊളിച്ചു മാറ്റേണ്ടി വരും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ മറുപടി നൽകിയിരുന്നു. ഗണേഷിന്റെ മറുപടി തന്നോടുള്ള പ്രതികാരമാണെന്നും ഇത്തരത്തിലുള്ള സമീപനം കോട്ടയത്ത് വികസനമില്ലാതാക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
താൻ മന്ത്രിയായിരുന്ന സമയത്ത് കുടിവെള്ള പദ്ധതിക്കു പണം നൽകാത്തതിലെ മുൻവൈരാഗ്യം മൂലമാണു കോട്ടയത്ത് ആകാശപ്പാത നിർമിക്കാൻ മന്ത്രി തടസ്സം നിൽക്കുന്നതെന്ന് തിരുവഞ്ചൂർ പറഞ്ഞു. ആകാശപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കാൻ പുതുതായി സ്ഥലം ഏറ്റെടുക്കേണ്ട, ആകാശപ്പാതയും ഈ സ്ഥലവുമൊന്നും കാണാതെയാണു മന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞതെന്നും കോട്ടയത്ത് എത്തിയാൽ കാര്യങ്ങൾകൃത്യമായി ബോധ്യപ്പെടുത്താമെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.