സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് വാട്‌സാപ്പിൽ പരാതി അയച്ചു, വളരെ വേഗത്തിൽ ഇടപെടൽ, വെള്ളം കലർന്ന ഡീസൽ അടിച്ചതിനെത്തുടർന്നു കാറിനു തകരാറുണ്ടായ കോട്ടയം സ്വദേശ


കോട്ടയം: വെള്ളം കലർന്ന ഡീസൽ അടിച്ചതിനെത്തുടർന്നു കാറിനു തകരാറുണ്ടായ കോട്ടയം സ്വദേശിയുടെ പരാതിയിൽ വളരെ വേഗത്തിൽ ഇടപെട്ടു തീർപ്പുണ്ടാക്കി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് വാട്‌സാപ്പിൽ അയച്ച പരാതിയിലാണ് ഞൊടിയിടയിൽ തീർപ്പുണ്ടായിരിക്കുന്നത്.

 

 കഴിഞ്ഞ 17ന് ഐസിഐസിഐ ബാങ്കിന്റെ കോട്ടയത്തെ മാനേജറും ഇടതു സഹയാത്രികനും സെന്റർഫോർ കൺസ്യൂമർ എജ്യൂക്കേഷന്റെ മാനേജിംഗ് ട്രസ്​റ്റിയുമായ ജെയിംസ് വടക്കന്റെ മരുമകനായ ജിജു കുര്യൻ പാലാ കടപ്പാട്ടൂരുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിൽ നിന്നും തന്റെ കാറിൽ 36 ലീറ്ററോളം ഡീസൽ നിറച്ചിരുന്നു. ഡീസൽ നിറയ്ക്കുന്നതിനിടെ തന്നെ വാണിങ് ലൈറ്റുകൾ തെളിയുകയും ബീപ്പ് ശബ്ദങ്ങൾ കേൾക്കുകയും ചെയ്തിരുന്നതായി ജിജു പറഞ്ഞു.

 

 തുടർന്ന് പമ്പിൽ നിന്നുമിറങ്ങിയ വാഹനം തകരാറിലാകുകയായിരുന്നു. ഇതേത്തുടർന്ന് ജിജു തന്റെ കാർ കോട്ടയത്തെ കാർ കമ്പനിയുടെ വർക്ക് ഷോപ്പിൽ എത്തിച്ചു തകരാർ പരിശോധിക്കാൻ ഏൽപ്പിക്കുകയായിരുന്നു. വർക്ക് ഷോപ്പ് ജീവനക്കാരാണ് ഡീസലിനൊപ്പം വെള്ളം കയറിയെന്ന് കണ്ടെത്തിയത്. ആദ്യം ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാഞ്ഞതിനെ തുടർന്നാണ് സുരേഷ് ഗോപിക്ക് പരാതി അയച്ചത്. ജെയിംസ് വടക്കൻ സുഹൃത്തും ബിജെപി നേതാവുമായ ശിവശങ്കരൻ വഴിയാണ് സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് വാട്‌സാപ്പിൽ പരാതി അയച്ചത്. വളരെ വേഗത്തിലാണ് പരാതിയിൽതീരുമാനമുണ്ടായതെന്നു ജിജു പറഞ്ഞു. കാർ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. ഡീസൽ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് നൽകിയത്. മായം കണ്ടെത്തിയ പമ്പ് പരിശോധനകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.