കോട്ടയം: അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റിച്ച് പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. തമിഴ്‌നാട്ടിൽ മഴയും വിളവ് കുറഞ്ഞതുമാണ് പച്ചക്കറി വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. പച്ചക്കറിക്കൊപ്പം മത്സ്യ-മാംസ വിഭവങ്ങൾക്കും വില ഉയർന്നതോടെ കീശ കാലിയാകുകയാണെന്ന് ജനം പറയുന്നു.
തക്കാളി നൂറു കടന്നു. സവാള 50 രൂപയിലെത്തി നിൽക്കുന്നു. ഇഞ്ചിയും വെളുത്തുള്ളിയും 100 കടന്നുള്ള യാത്രയിൽ നിന്നും ഇതുവരെ തിരികെയെത്തിയില്ല. ബീൻസിനും പച്ചമുളകിനും പയറിനുമുൾപ്പടെ എല്ലാ ഉത്പന്നങ്ങൾക്കും വില കൂടുകയാണ്. എല്ലാ പച്ചക്കറികളിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വില 20-25 രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
പച്ചക്കറി വില കൂടിയതോടെ പച്ചക്കറി കിറ്റ് മിക്കവാറും വ്യാപാരികൾ ഒഴിവാക്കിയിരിക്കുകയാണ്. കടകളിൽ എത്തുന്നവർ വില ചോദിച്ച ശേഷം കാൽ കിലോ വീതമോ ചിലപ്പോൾ വാങ്ങാതെയും മടങ്ങുകയാണ് ഇപ്പോൾ പതിവെന്ന് വ്യാപാരികൾ പറയുന്നു. വിപണിയിൽ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.