അതിശക്തമായ മഴ: കോട്ടയം ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു, ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാല യാത്രക്കും നിരോധനം.


കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവിറക്കി.

 

 ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്. മഴ ശക്തമായി തുടരുന്നതിനാൽ ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.

 

 ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ കോട്ടയം ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവിറക്കി.