കോട്ടയം: വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. "വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും,
ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…" ഇങ്ങനെയായിരുന്നു തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഭാമ കുറിച്ചത്. ഇതോടെ ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് കുറിപ്പിൽ വിശദീകരണവുമായി ഭാമ എത്തിയത്. 2020 ജനുവരിയിലായിരുന്നു കോട്ടയം മണർകാട് സ്വദേശിനിയും നടിയുമായ ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകൻ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. "ഇന്നലെ ഞാന്‍ ഇട്ട എഴുത്തില്‍ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള്‍ സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ലെന്നാണ്. അങ്ങനെ ചെയ്താലുണ്ടാവുന്ന പ്രത്യാഘാതത്തെക്കുറിച്ചാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്ക് കൊടുക്കുന്ന സമ്മര്‍ദ്ദം അതുമൂലം ജീവനുവരെ ഭീഷണിയോടെ ഒരു വീട്ടില്‍ കഴിയേണ്ടി വരിക. കുഞ്ഞുങ്ങള്‍ കൂടെയുണ്ടേല്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാന്‍ ഉദ്ദേശിച്ചത്. അങ്ങനെ സ്ത്രീകള്‍ ഒരിക്കലും വിവാഹം ചെയ്യരുത് എന്നാണ്. വിവാഹത്തിന് ശേഷമാണേല്‍ സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല'- ഭാമ വ്യക്തമാക്കി. സിംഗിൾ മദർ എന്ന് അഭിമാനപൂർവം വിളിച്ചു പറഞ്ഞ നടിയാണ് ഭാമ. മകൾ ഗൗരിക്കൊപ്പം സന്തോഷകരമായി ജീവിക്കുകയാണ് ഇപ്പോൾ സംരംഭകകൂടിയായ ഭാമ. ഇന്ന് ഭാമ നടിയോ നായികയോയായി സിനിമയിൽ ഇല്ലെങ്കിലും സംരംഭകയായ രേഖിത രാജേന്ദ്ര കുറുപ്പായി താരം സജീവമാണ്. ഒരിക്കൽ ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്തിരുന്നു. പിന്നീടാണ് താനൊരു സിംഗിൾ മദർ ആണെന്ന് പ്രഖ്യാപിച്ചത്. ഭാമയുടെ ഏക മകളാണ് സ്കൂൾ വിദ്യാർത്ഥിനിയായ ഗൗരി പിള്ള. നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ. മലയാളത്തിന് പുറമേ അന്യ ഭാഷകളിലും താരം സാന്നിധ്യമറിയിച്ചു.