കാഞ്ഞിരപ്പള്ളിയിൽ ആയുർവേദ ചികിത്സയ്ക്കായി എത്തിയ ജർമൻ യുവതി മരിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ആയുർവേദ ചികിത്സയ്ക്കായി എത്തിയ ജർമൻ യുവതി മരിച്ചു. ചികിത്സയ്ക്കും യോഗയ്ക്കുമായി കാഞ്ഞിരപ്പള്ളി പാറത്തോട് മടുക്കക്കുഴി ആര്യവൈദ്യശാലയിൽ എത്തിയ ജർമൻ യുവതിയായ അഗ്നിറ്റ മീവസ് (39) ആണ് മരിച്ചത്.

 

 ചികിത്സയ്ക്കായി പാറത്തോട്ടിൽ എത്തിയ ഇവർക്ക് ചികിത്സയ്ക്കിടെ കടുത്ത വയറുവേദന അനുഭവപ്പെടുകയും തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ 26ന് ആണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ നില ഗുരുതരമായതിനാൽ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പാലായിൽ ചികിത്സയിലിരിക്കെ 30ന് പുലർച്ചെ 1.45 ന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.