കോട്ടയം: പാരിസ് ഒളിംപിക്സ് ദീപശിഖാ പ്രയാണത്തിൽ പങ്കാളിയാകുന്ന ആദ്യ മലയാളി പെൺകുട്ടിയായി കോട്ടയം സ്വദേശിനി. കോട്ടയം കളത്തിപ്പടി സ്വദേശി ജോ ഐക്കരേത്തിന്റെയും ഫ്രാൻസ് സ്വദേശിനി മ്യൂറിയലിന്റെയും ഇളയ മകളായ തിലോത്തമ ഐക്കരേത്ത്(20) ആണ് അഭിമാന നേട്ടം സ്വന്തമാക്കിയത്.
ഒളിംപിക്സ് വേദിയിൽ കേരളത്തിനും കോട്ടയത്തിനും അഭിമാനിമിഷമാണ് തിലോത്തമ സമ്മാനിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് തിലോത്തമ ഒളിംപിക് ദീപശിഖാ പ്രയാണത്തിൽ പങ്കാളിയായത്. പ്രശസ്തനായ ഫാഷൻ ഡിസൈനറാണ് തിലോത്തമയുടെ പിതാവ് ജോ. ക്രിയേറ്റിവ് മൂവ്മെന്റ് തെറപ്പിസ്റ്റാണ് മാതാവ്. ഫ്രാൻസിലാണ് തിലോത്തമ ജനിച്ചത്. കോട്ടയം പള്ളിക്കൂടം സ്കൂളിലായിരുന്നു തിലോത്തമ ഏഴാം ക്ലാസ്സ് വരെ പഠിച്ചത്. ജന്മനാ കൈകൾ ഭാഗികമായി തളർന്ന തിലോത്തമയ്ക്ക് പഠന വൈകല്യവും ഒരു വെല്ലുവിളിയായി തുടർന്നിരുന്നു. ഭാഷ കൈകാര്യം ചെയ്യാൻ നന്നേ പ്രയാസം നേരിട്ടിരുന്നു. കൈകളുടെ തളർച്ച പിന്നീട് തുടർച്ചയായ ചികിത്സയിലൂടെ മാറ്റിയെടുത്തു. പിന്നീട് വീട്ടിലിരുന്നു തുടർ പഠനത്തിലൂടെ പത്താം ക്‌ളാസ് പഠനം പൂർത്തിയാക്കി. ഫ്രാൻസിൽ എത്തിയ ശേഷം കായിക പഠനത്തിൽ ഏർപ്പെട്ടു. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ മത്സരിക്കുന്ന പാരാ തയ്ക്വാൻഡോയിൽ പരിശീലനം ആരംഭിച്ചു. ഒളിംപിക് ദീപശിഖാ പ്രയാണത്തിൽ 3 പാരാ അത്‌ലറ്റുകൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചപ്പോൾ അവരിലൊരാളായി തിലോത്തമ്മയ്ക്കും അത്ഭുത നിമിഷം സമ്മാനിക്കപ്പെടുകയായിരുന്നു. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഉറച്ച പിന്തുണയാണ് നേട്ടങ്ങൾക്ക് പിന്നിലെന്നും 2028ൽ ലൊസാഞ്ചലസിൽ നടക്കുന്ന പാരാ ഒളിപിക്‌സിൽ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും തിലോത്തമ പറഞ്ഞു.