തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. കോട്ടയം എറണാകുളം റോഡിൽ തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംക്‌ഷനിലാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ബസ്സ് യാത്രക്കാരായ 41 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ 3 പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എരുമേലി സ്വദേശി ദേവേഷി (18)നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. എറണാകുളത്തുനിന്ന് ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ബസാണ് അപകടത്തിൽപെട്ടത്. അമിത വേഗതയിലെത്തിയ ബസ്സ് വളവ് വീശിയെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. റോഡിൽ ബസ്സ് വട്ടം കറങ്ങിയ ശേഷം മറിയുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരും സമീപ വ്യാപാരികളും തലയോലപ്പറമ്പ് പോലീസും കടുത്തുരുത്തി,വൈക്കം അഗ്നി രക്ഷാ സേനയും ചേർന്നാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റവരെ സി.കെ.ആശ എംഎൽഎ, കലക്ടർ ജോൺ വി. സാമുവൽ, തഹസിൽദാർ കെ.ആർ.മനോജ് എന്നിവർ സന്ദർശിച്ചു.