അതിരമ്പുഴയിൽ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകം.


അതിരമ്പുഴ: അതിരമ്പുഴയിൽ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകം. അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗത്ത് വട്ടുകുളം വീട്ടില്‍ സെബാസ്റ്റ്യന്‍ വര്‍ക്കിയുടെ (ഷിജു-48) മരണമാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. സംഭവത്തിൽ അതിരമ്പുഴ, പടിഞ്ഞാറ്റുംഭാഗത്ത് ചെറ്റേപ്പറമ്പില്‍ കുഞ്ഞുമോനെ (71) ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റുചെയ്തു.

 

 കഴിഞ്ഞ 16 നായിരുന്നു സംഭവം. അതിരമ്പുഴ മാര്‍ക്കറ്റിനു സമീപം ചീട്ടുകളിക്കുന്ന സ്ഥലത്ത് ഇരുവരും പരസ്പരം വാക്കേറ്റം ഉണ്ടാകുകയും ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു. കുഞ്ഞുമോന്‍ കരിങ്കല്ല് കഷണംകൊണ്ട് സെബാസ്റ്റ്യനെ ഇടിക്കുകയായിരുന്നു. തുടർന്ന് അവിടെ നിന്നും മടങ്ങിയ സെബാസ്റ്റ്യന്‍ സ്‌കൂട്ടറിൽ പോകുന്ന വഴി അതിരമ്പുഴ ഭാഗത്ത് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. സെബാസ്റ്റ്യന്റെ വാരിയെല്ലിന് പൊട്ടലുണ്ടായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കുഴഞ്ഞു വീണതാണെന്ന പ്രാഥമിക നിഗമനത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണകാരണം പ്ലീഹയ്ക്ക് ഏറ്റ ആഘാതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു. ജൂണ്‍ 28-നാണ് സെബാസ്റ്റ്യന്‍ മരിച്ചത്. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ. ഷോജോ വര്‍ഗീസ്, എസ്.ഐ.മാരായ സൈജു, ജയപ്രകാശ്, ഷാജി എന്നിവർ ചേര്‍ന്നാണ് മരണ വിവരമറിഞ്ഞു ഒളിവിൽ പോയ കുഞ്ഞുമോനെ അറസ്റ്റ് ചെയ്തത്.